ആരോഗ്യ മേഖലയ്ക്ക് നൽകിയത് 1550 ടൺ
കൊല്ലം: കൊവിഡ് ചികിത്സയിൽ ഓക്സിജന്റെ ആവശ്യകത കൂടിവന്ന സാഹചര്യത്തിൽ കെ.എം.എം.എല്ലിലെ ദ്രവീകൃത ഓക്സിജന്റെ ഉത്പാദനം പ്രതിദിനം 7 ടണ്ണിൽ നിന്ന് 9 ടണ്ണാക്കി ഉയർത്തി. 2020 ഒക്ടോബർ മുതൽ ഇതുവരെ 1550 ടൺ ഓക്‌സിജനാണ് ആരോഗ്യ മേഖലയ്ക്ക് നൽകിയത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്‌സിജൻ സൗകര്യമുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കെ.എം.എം.എൽ ജില്ലാ ഭരണകൂടത്തിന് നേരത്തേ ഒരുക്കി നൽകിയിരുന്നു. 853 ബെഡുകളാണ് ചവറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും ഗ്രൗണ്ടിലുമായി സജ്ജീകരിച്ചത്. രോഗികൾ കുറഞ്ഞ സാഹചര്യത്തിലും ഇത് നിലനിറുത്തിപ്പോരുന്നുണ്ട്.
കമ്പനിയിലെ ഓക്‌സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ ലഭ്യമാക്കുന്നത്. 700 മീറ്റർ ദൂരമാണ് ഓക്‌സിജൻ പ്ലാന്റും സ്കൂളും തമ്മിലുള്ളത്. ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓക്‌സിജൻ നേരിട്ട് നൽകി കൊവിഡ് രോഗികൾക്കായി ആശുപത്രി സജ്ജമാക്കുന്നത് രാജ്യത്തുതന്നെ അപൂർവ സംഭവമാണ്. 50 കോടി രൂപ ചെലവിൽ നിർമ്മിച്ച 70 ടൺ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് 2020 ഒക്ടോബർ 10നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 63 ടൺ വാതക ഓക്‌സിജൻ കമ്പനിയുടെ ആവശ്യങ്ങൾക്ക് വേണം. ഇതിനു പുറമെയാണ് ആരോഗ്യമേഖലയ്ക്കായി ദ്രവീകൃത ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും.