31ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
കൊല്ലം: കേരള സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത പ്രൊഫഷണൽ കലാമേഖലയിൽ ദുരിതമനുഭവിക്കുന്ന പത്ത് കലാകാരന്മാർക്ക് മൂന്ന് സെന്റ് വീതം ഭൂമി ദാനമായി നൽകുന്നു. പലരുടെയും സഹായത്തോടെ പത്തനാപുരം ഗാന്ധിഭവന് സമീപം വാങ്ങിയ വസ്തുവിലാണ് കലാകാരന്മാർക്ക് ജീവിതമൊരുങ്ങുന്നത്. പത്ത് കലാകുടുംബങ്ങൾ അധിവസിക്കുന്ന ഗാന്ധിഭവൻ കലാഗ്രാമത്തിന് ഇതോടെ തുടക്കമാകും.
31ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്ക് വസ്തുവിന്റെ ആധാരം കൈമാറും. നാടകരംഗത്തെ പ്രതിഭകളായ കബീർദാസ്, ഷൈലജ, പുല്ലിച്ചിറ ബാബു, സുമിത്രാനന്ദൻ, സ്റ്റെല്ലാ ജോൺ, കൊച്ചനിയൻ ആത്മമിത്ര, കുമാരി സെബിൻ, കൊല്ലം ശോഭന, കെ.പി.എ.സി അനിത, കാഥിക വൃന്ദാ പ്രദീപ് (മൈലം സിസ്റ്റേഴ്‌സ്) എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ഗാന്ധിഭവൻ കലാഗ്രാമത്തിൽ ഭൂമി ലഭിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട് ഇവർക്ക് ഭവനം നിർമ്മിച്ച് നൽകാൻ ഗാന്ധിഭവൻ മുൻകൈയെടുക്കുമെന്നും കേരളത്തിലുടനീളം കലാഗ്രാമങ്ങൾ സ്ഥാപിക്കുമെന്നും സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.