v

മന്ത്രി സജി ചെറിയാൻ അവാർഡ് ദാനം നിർവഹിക്കും

കൊല്ലം: സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാല് മാസം മുൻപ് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവ വിജയികൾക്കുള്ള അവാർഡ്ദാനം 31ന് രാവിലെ 11 ന് പത്തനാപുരം ഗാന്ധിഭവനിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. നടൻ പ്രേകുമാർ, ഐ.എൽ.ഒ മെമ്പർ ആർ. ചന്ദ്രശേഖരൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, കെ. ധർമ്മരാജൻ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കെ.പി.എ.സി ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന് ഡോ. എ.പി.ജെ വേൾഡ് പ്രൈസ്, സംവിധായകനും നിരൂപകനുമായ ശാന്തിവിള ദിനേശന് സി ആൻഡ് എസ് ഫൗണ്ടേഷൻ അവാർഡ് എന്നിവ മന്ത്രി കൈമാറും.
നാടകോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി', രണ്ടാം സ്ഥാനം നേടിയ ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ', മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സംഘകേളിയുടെ 'മക്കളുടെ ശ്രദ്ധയ്ക്ക്' എന്നീ നാടകങ്ങൾക്ക് യഥാക്രമം അരലക്ഷം രൂപയും ശില്പവും, 40,000 രൂപയും ശില്പവും, 35,000 രൂപയും ശില്പവും മന്ത്രി സമ്മാനിക്കും. മികച്ച നാടകരചനയ്ക്ക് ഹേമന്ത്കുമാർ, സംവിധായകൻ രാജീവൻ മമ്മിളി, നടൻ സജി മൂരാട്, നടി എൻ.കെ. ശ്രീജ, ഫ്രാൻസിസ് ടി. മാവേലിക്കര, ആർട്ടിസ്റ്റ് സുജാതൻ, രാജേഷ് ഇരുളം, പ്രമോദ് വെളിയനാട്, മല്ലിക, രാധാകൃഷ്ണൻ കുന്നുംപുറം, ഉദയകുമാർ അഞ്ചൽ, ബിനു സരിഗ, ശുഭ രഘുനാഥ്, ശശീന്ദ്രൻ വിളയാട്ടൂർ, പ്രിയദർശിനി, നിഖിൽ ബാബു എന്നിവർക്കും അവാർഡുകൾ കൈമാറുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ, സെക്രട്ടറി അനിൽ ആഴാവീട്, കൺട്രോളിംഗ് ഓഫീസർ ബി. പ്രദീപ്, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ജോർജ് എഫ്. സേവിയർ വലിയവീട് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.