അഞ്ചൽ: അഞ്ചലിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും പൊലീസും ആരോഗ്യ വകുപ്പും നിഷ്ക്രിയത്വം തുടരുന്നതായി ആക്ഷേപം ഉയരുകയും ഇക്കാര്യം കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്തയാക്കുകയും ചെയ്തതോടെ ഇരു വകുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇടമുളയക്കൽ പഞ്ചായത്തിലെ പുത്താറ്റ് വാർഡിലാണ് കൊവിഡ് രൂക്ഷമായത്. ഇവിടെ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെ തന്നെ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും പുത്താറ്റ് മേഖലയിൽ എത്തി പ്രതിരോധ നടപടികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വാർഡിലെ 108 പേരെ ഇന്നലെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. അതിൽ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
താക്കീത് നൽകി പൊലീസ്
അഞ്ചൽ പൊലീസും സന്നദ്ധസംഘടനാ പ്രവർത്തകരും രാവിലെ മുതൽ വീടുകളിൽ എത്തി ആളുകളെ കൊവിഡ് പരിശോധനയ്ക്ക് നിർബന്ധിച്ച് എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് വിസമ്മതിച്ചവർക്ക് പൊലീസ് കർശന താക്കിതും നൽകി. ഹെൽത്ത് അധികൃതരും സെക്ട്രൽ മജിസ്ട്രേറ്റ് സന്ധ്യയും ഇന്നലെ മുഴുവൻ സമയവും വാർഡിൽ തങ്ങുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കൊവിഡ് വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് തന്നെ സെക്ട്രൽ മജിസ്ട്രേറ്റ് പുത്താറ്റ് പ്രദേശത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
പിൻവലിഞ്ഞ് പഞ്ചായത്ത് അധികൃതർ
പനച്ചവിള ജംഗ്ഷന് സമീപമുള്ള മിക്ക കടകളും കഴിഞ്ഞ ദിവസം പൊലീസ് അടപ്പിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നിരവധി പേർക്ക് പിഴചുമത്തുകയും ചെയ്തു. ഈ പ്രദേശത്ത് കൊവിഡ് രൂക്ഷമായിട്ടും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. വാർഡ് മെമ്പർ മാത്രമാണ് സജീവമായി രംഗത്തുളളത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ഈ ഭാഗത്ത് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.