വിശദമായ പദ്ധതി റിപ്പോർട്ട് തയാറായി
കൊല്ലം: നഗരത്തിന്റെ മുഖഛായ മാറ്റുന്ന മൊബിലിറ്റി ഹബിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) നഗരസഭാ കൗൺസിലിന് മുന്നിലെത്തി. കോഴിക്കോട് ആസ്ഥാനമായ റഷീദ് ആൻഡ് അസോസിയേറ്റ്‌സ് കൺസ്ട്രക്ഷൻ കമ്പനിയാണ് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. എസ്റ്റിമേറ്റ് തുകയുൾപ്പെടെയുള്ളവയിൽ ചർച്ച നടത്തി പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിൽ കൗൺസിൽ യോഗം തീരുമാനമെടുക്കും.
നാലാംതവണയാണ് മൊബിലിറ്റി ഹബിന്റെ ഡി.പി.ആർ നഗരസഭാ കൗൺസിലിന്റെ അംഗീകാരത്തിനായി എത്തുന്നത്. 2018ൽ പദ്ധതി നടപ്പിലാക്കാൻ നഗരസഭ മുന്നിട്ടിറങ്ങിയെങ്കിലും പലകാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. നിലവിൽ ഇവിടുള്ള ലോറി സ്റ്റാൻഡ് സാദ്ധ്യമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കും. അതിനായി നിരവധി സ്ഥലങ്ങൾ പരിഗണനയിലുണ്ടെങ്കിലും ഗതാഗത ക്രമീകരണ സമിതിയുടെ യോഗത്തിന് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.
2 ഏക്കറിൽ
റെയിൽവേ സ്റ്റേഷന് സമീപം എസ്.ബി.ഐ ജംഗ്‌ഷനിലുള്ള ലോറി സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന രണ്ട് ഏക്കറിന് മുകളിലുള്ള സ്ഥലത്താണ് മൊബിലിറ്റി ഹബ് നിർമ്മിക്കുന്നത്. ഒരേസമയം 14 ബസുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിലാണ് രൂപരേഖ ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്. മൂന്നുനില കെട്ടിടവും ഇതോടൊപ്പം നിർമ്മിക്കും.
എസ്റ്റിമേറ്റ് തുക: 30 കോടി
മൂന്നുനില കെട്ടിടം
ആകെ വിസ്തീർണ്ണം: 79,844 ചതുരശ്ര അടി
ഭൂഗർഭ പാർക്കിംഗ് സൗകര്യം: 54 വാഹനങ്ങൾക്ക്
താഴത്തെ നില: 32 കടകൾ
രണ്ടാം നില: 45 കടകൾ
മൂന്നാം നില: ഐ.ടി സ്ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള സൗകര്യത്തോടെ 8 മുറികൾ, കോൺഫറൻസ് ഹാൾ
റൂഫ് ടോപ്പ്: ഓപ്പൺ ഗാർഡനും പാർക്കും