കൊല്ലം: പതിറ്റാണ്ടുകളായി തുടരുന്ന പരിമിതികളിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് ഹൈടെക് ആകാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയുടെ വികസനമാണ് നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ കൂടുതൽ സംവിധാനങ്ങളെത്തും. അത്യാധുനിക ബസ് സ്റ്റാൻഡിനുള്ള രൂപരേഖ തയ്യാറാക്കിയത് നഗരസഭ കൗൺസിൽ അംഗീകരിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികളിലേക്ക് തിരിയും. ഓണം കഴിഞ്ഞാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്.
കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കും
പുലമൺ ജംഗ്ഷന് സമീപത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെയും എം.സി റോഡിന്റെയും ഇടയിലായിട്ടാണ് നിലവിൽ ബസ് സ്റ്റാൻഡുള്ളത്. ബസ് സ്റ്റാൻഡിന് വേണ്ടിയുള്ള ഭൂമിയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മുഴുവൻ ഭൂമിയും വീണ്ടെടുത്തശേഷമാകും നിർമ്മാണം തുടങ്ങുക. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ രണ്ടാഴ്ച മുന്നേ തുടങ്ങിയിരുന്നു. ലോക്ക് ഡൗണിന് മുൻപ് ദിവസം നൂറിൽപരം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ വന്നുകൊണ്ടിരുന്നത്. സദാസമയവും ബസുകൾ വന്നുപോകുന്ന സ്റ്റാൻഡ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു.
കാഴ്ചയിലും സൗകര്യങ്ങളിലും കേമം
ബസ് സ്റ്റാൻഡിന്റെ നിർമ്മാണത്തിനായി തയ്യാറാക്കിയ രൂപരേഖ എന്തുകൊണ്ടും മികച്ചതാണെന്ന് നഗരസഭ കൗൺസിൽ വിലയിരുത്തി. ബസ് പാർക്കിംഗിന് വേണ്ടുവോളം സ്ഥലമുണ്ട്. കച്ചവട സ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം തുടങ്ങി മറ്റ് സൗകര്യങ്ങളുമൊരുക്കും. കെട്ടിലും മട്ടിലും ഏറ്റവും മികച്ചുനിൽക്കുന്ന വിധമാണ് സ്റ്റാൻഡ് വിഭാവനം ചെയ്തിട്ടുള്ളത്.
ഹൈടെക് ബസ് സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഓണത്തിന് ശേഷം തുടങ്ങും. എം.സി റോഡിന്റെ അരികിലായിട്ടാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മനോഹരമായ സ്റ്റാൻഡ് ആകണമെന്ന് ആഗ്രഹിച്ചു. അത് നടപ്പാക്കുകയാണ്.
എ.ഷാജു, നഗരസഭ ചെയർമാൻ