v
സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം എന്ന മുദ്രാവാക്യമുയർത്തി ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ ജന. സെക്രട്ടറി അഡ്വ. ടി.സി. സജുകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം എന്ന മുദ്രാവാക്യവുമായി ബി.ഡി.ജെ.എസ് കൊല്ലം, ചവറ, ചാത്തന്നൂർ, ഇരവിപുരം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

കൊല്ലം മണ്ഡലം പ്രസിഡന്റ് ആർ. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ഇരവിപുരം മണ്ഡലം സെക്രട്ടറി അഭിലാഷ് എന്നിവർ സംസാരിച്ചു. ചവറ മണ്ഡലം പ്രസിഡന്റ് ശോഭനൻ സ്ത്രീ സുരക്ഷാ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് സുഗതൻ സ്വാഗതവും ഇരവിപുരം മണ്ഡലം പ്രസിഡന്റ് ഹരി ഇരവിപുരം നന്ദിയും പറഞ്ഞു. സ്ത്രീകളെ വേട്ടയാടുന്നവരെ രാഷ്ട്രീയക്കാർ സംരക്ഷിക്കരുത്, സ്ത്രീ പീഡനക്കേസുകൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുക, സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും സംസ്ഥാനത്ത് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കൂട്ടായ്മ മുന്നോട്ടുവച്ചു.