കുന്നത്തൂർ :ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന് അധികമായി അനുവദിച്ച കൊവിഡ് വാക്സിനേഷൻ സെന്റർ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചു. വാക്സിൻ നൽകുന്നതിന് അധികമായി ഒരു സെന്റർ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ജൂൺ 30ന് അഴകിയകാവ് ഗവ.എൽ.പി സ്കൂളിൽ അധികമായി ഒരു സെന്റർ കൂടി അനുവദിച്ചു. ജൂലായ് രണ്ടിന് മെഡിക്കൽ സംഘം സ്കൂൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ സെന്റർ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല.വാക്സിൻ ലഭിക്കാതെ ആയിരക്കണക്കിനാളുകൾ ബുദ്ധിമുട്ടുമ്പോഴാണ്ഭരണസമിതി അനാസ്ഥ കാട്ടുന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. തുടർന്ന് ശൂരനാട് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒരാഴ്ചയ്ക്കകം വാക്സിനേഷൻ സെന്റർ തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പു നൽകിതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.പ്രദീപ്,എസ്.സൗമ്യ,ഖദീജാബീവി, ജെ.സന്തോഷ്,സമദ് ബ്ലസൻ പാപ്പച്ചൻ, അമ്പിളി ഓമനക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.