ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിംഗ് വിഭാഗം കരാർ തൊഴിലാളികൾ ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹബീബുള്ളയും എ.ഐ.ടി.യു.സി നേതാക്കളുമായി നടത്തിയ ചർച്ചയിൽ മൂന്ന് മാസത്തെ കുടിശികയായ ശമ്പളം ഈ മാസം മുപ്പതിനകം കൊടുത്തുതീർക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിച്ചത്.
അടുത്തമാസം മുതൽ അതത് മാസത്തെ ശമ്പളം കൃത്യമായി നൽകും. പുതുക്കിയ ശമ്പളനിരക്ക് പ്രകാരം 3,000 രൂപ വീതം ഓരോ തൊഴിലാളിക്കും ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നും അത് ആഗസ്റ്റ് മാസം മുതൽ നൽകാൻ നടപടിയുണ്ടാകുമെന്നും സൂപ്രണ്ട് ഉറപ്പുനൽകിയെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ആഗസ്റ്റ് ഒന്നുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി അറിയിച്ചു.
രാവിലെ പത്തിന് മെയിൻ ബ്ലോക്കിന് മുന്നിൽ ആരംഭിച്ച സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി.ആർ. രതീഷ്, എസ്. ബിനു, എൻ. മനോഷ് കുമാർ, ജി. ശിവപ്രസാദ്, അനിൽ ഗോവിന്ദ്, ഗുരുദത്ത് ശ്രീരാമപുരം എന്നിവർ നേതൃത്വം നൽകി.