photo
സന്തോഷ് നിർമ്മിച്ച ചിരട്ടത്തൊട്ടിൽ

കൊല്ലം: ചിരട്ടകൾ കൊണ്ടൊരുക്കിയ കളിത്തൊട്ടിലൂടെ ഇന്ത്യാ ബുക്ക് ഒഫ് റെക്കോർഡിൽ ഇടംനേടിയ ത്രില്ലിലാണ് വെളിയം ആർ. സന്തോഷ്. ഒഴിവുവേളകൾ ആസ്വാദ്യകരമാക്കാൻ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ശീലമുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു അംഗീകാരം ലഭിക്കുന്നത്.

നിർമ്മാണത്തിന്റെ തുടക്കം മുതൽ വീഡിയോയിൽ പകർത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് അധികൃതർക്ക് അയച്ചുകൊടുത്തപ്പോൾ അതിനൊരു ഇടം ലഭിക്കുമെന്ന് സന്തോഷ് മനസിൽ ഉറപ്പിച്ചുവെങ്കിലും മറ്റാരോടും പറഞ്ഞില്ല. ഇന്നലെ റെക്കോർഡ് ബുക്കിൽ ഇടംനേടിയ മെയിൽ വന്നപ്പോഴാണ് സന്തോഷത്തിന്റെ മധുരം എല്ലാവരിലേക്കും പകർന്നത്.

മുപ്പതിൽപ്പരം ചിരട്ടകൾ പല അളവുകളിൽ മുറിച്ചെടുത്തശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് തെളിച്ചു. പിന്നീട് പശ കൊണ്ട് ഒട്ടിച്ചുചേർത്തതോടെ തൊട്ടിൽ റെഡിയായി. നാല് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് തൊട്ടിൽ പൂർത്തിയാക്കിയത്.

വെളിയം സഹകരണ ബാങ്കിലെ ജീവനക്കാരനായ സന്തോഷ് ബാലസംഘം ജില്ലാ കൺവീനറും ശിശുക്ഷേമ സമിതി മുൻ ജില്ലാ സെക്രട്ടറിയുമാണ്. കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടറായ ഭാര്യ ആർ. സുനിതയും മക്കൾ നിരഞ്ജനയും നിലാവും സന്തോഷിന്റെ കരകൗശല നിർമ്മാണത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. കുരുത്തോല, പാഴ്‌വസ്തുക്കൾ മുതലായവ ഉപയോഗിച്ചും കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കാറുള്ള സന്തോഷ് ബാലസംഘം കൂട്ടുകാരെ പരിശീലിപ്പിക്കാറുമുണ്ട്.