കൊല്ലം: കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന പ്രൈമറി സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെ നിയമനം അടിയന്തരമായി നടത്തണമെന്ന് ഓൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ 170ലധികം പ്രഥമാദ്ധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കിഴക്കൻ മലയോര മേഖലയിൽ സ്ഥിതി വളരെ ഗുരുതരമാണ്. ദിവസങ്ങൾക്ക് മുമ്പ് നിയമിതരായവരും സമീപ സ്കൂളുകളിലുള്ളവരും ഈ ചുമതല വഹിക്കേണ്ടി വരുന്നു. ഓൺലൈൻ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾക്കും ഭരണപരമായ കാര്യനിർവഹണത്തിനും ഈ സാഹചര്യം ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.
പ്രസിഡന്റ് ആർ. മാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പിടവൂർ രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. ഗോപാലകൃഷ്ണൻ, എസ്. ഹാരിസ്, കെ.എസ്. ഷിജുകുമാർ, ജില്ലാ ഭാരവാഹികളായ എൻ. ഉദയകുമാർ, എ. അബ്ദുൾ ജലീൽ, എൻ. ബിനു, എം.എസ്. അനൂപ്, രതീഷ് സംഗമം, എ. ബാബു, എൻ.ആർ. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.