കുണ്ടറ: കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ പെരുമ്പുഴ റേഡിയോ ജംഗ്ഷനിലെ വീട് തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സജി ഭവനിൽ ലക്ഷ്മിക്കുട്ടിയുടെ വീടാണ് തകർന്നത്. അപകടസമയം ലക്ഷ്മിക്കുട്ടിയും മക്കളായ സജീവ്, സുരേഷ്, സജീവിന്റെ ഭാര്യ അഞ്ജു, രണ്ട് കുട്ടികൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.
സജീവും സുരേഷും കുലിപ്പണിക്കാരാണ്. സജീവിന്റെ ഇളയമകൻ നാലുവയസുകാരൻ നിരൻ സ്പൈന ബിഫിഡ ഒക്കുൾഡ എന്ന അപൂർവ രോഗത്തിന് അടിമയാണ്. ഇപ്പോൾ കിഡ്നി തകരാറുള്ളതിനാൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി മാത്രം മാസം നല്ലൊരു തുക വേണ്ടിവരും. ഈ പ്രതിസന്ധിക്കിടയിൽ വീട് കൂടി തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ലക്ഷ്മികുട്ടിയുടെ കുടുംബം.