വനിതാ കണ്ടക്ടർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
കൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിച്ച ശേഷം എതിർവശത്തെ കടയിലേക്ക് ഇടിച്ചുകയറി. കടയിലുണ്ടായിരുന്ന രണ്ടുപേർക്കും ലോറി ഡ്രൈവർക്കും ബസിലെ വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്കേറ്റു. അപകടസമയം റോഡിലും കടയ്ക്ക് മുന്നിലും ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദേശീയപാതയിൽ ഉമയനല്ലൂരിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് തൊട്ടുമുന്നിൽ പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന്റെ പുറകിൽ ഇടിക്കുകയും തുടർന്ന് എസ്റ്റേറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന സലീമിന്റെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. കട പൂർണമായി തകർന്നു.
കടയിലുണ്ടായിരുന്ന ഉമയനല്ലൂർ സ്വദേശികളായ റഷീദ് (61), ബദറുദ്ദീൻ (59), ലോറി ഡ്രൈവർ ഷിബു (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഷിബുവിനെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ വീണ് വനിതാ കണ്ടക്ടർ മേവറം സ്വദേശി ആർ. ദീപ, മൂവാറ്റുപുഴ സ്വദേശി പ്രവീൺ പയസ് എന്നിവർക്കും പരിക്കേറ്റു. ഇവരെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷകൾക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബസിൽ ഇടിക്കുന്നതിന് മുമ്പ് ഒരു ബൈക്കിലും ലോറി ഇടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ സുജിത്ത് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയത്.