പത്തനാപുരം : പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മാലൂർ കോളേജ് പാറക്കടവിൽ സുരേഷ്കുമാറാണ് (52) മരിച്ചത്. സുരേഷിന്റെ ബൈക്ക് കടുവാത്തോട് പട്ടാഴി പാതയിലെ ഇടക്കടവ് പാലത്തിൽ വച്ചിരിക്കുന്നതുകണ്ട് സംശയം തോന്നിയ പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സും സ്കൂബാ ടീമും കഴിഞ്ഞ രണ്ട് ദിവസവും പാലം മുതൽ ആറാട്ടുപുഴ തടയണ വരെ പരിശോധന നടത്തിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഇളങ്ങമംഗലത്തിന് സമീപത്തെ ആറ്റിലെ മുളങ്കൂട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലത്തേയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പാരിപള്ളി മെഡി. കോളേജ് മോർച്ചറിയിൽ. ഭാര്യ: ലളിതാമ്മാൾ. മക്കൾ: സൂര്യ, സുജിത്ത്.