home
വാളകം ഇടയം കോളനിയിൽ ജാനകിയ്ക്ക് വാളകം വാർത്തക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻകെ.പി.ഏലിയാസ് ജാനകിയ്ക്ക് കൈമാറുന്നു.

കൊട്ടാരക്കര: മഴയിലും കാറ്റിലും വീട് നഷ്ടപ്പെട്ട ജാനകിയ്ക്ക് (55)​ വാളകം വാർത്തക്കൂട് വാട്സ് ആപ്പ് കൂട്ടായ്മ കിടപ്പാടമൊരുക്കി. വാളകം ഇടയം കോളനിയിൽ ജാനകിയ്ക്കാണ് വാട്സ് ആപ്പ് കൂട്ടായ്മ സഹായ ഹസ്തം നീട്ടിയത്. ജാനകിയുടെ വീട് കഴിഞ്ഞ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയിരുന്നു. ഓലമേഞ്ഞ വെട്ടുകല്ലിൽ പണിതുയർത്തിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പലഭാഗങ്ങളും മറച്ചിരുന്ന കെട്ടുറപ്പില്ലാത്ത വീട്ടിലായിരുന്നു അവിവാഹിതയായ ജാനകി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വീട് നിലം പൊത്തുമ്പോൾ ജാനകി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് അന്തിയുറങ്ങാൻ ഇടമില്ലാതെ ബുദ്ധിമുട്ടിലായ ജാനകിയുടെ ദുരവസ്ഥ മനസിലാക്കിയ വാളകം വാർത്തക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി. രണ്ടു മുറികളും സിറ്റൗട്ടും അടുക്കളയുമുൾക്കൊള്ളുന്ന വീടിന്റെ താക്കോൽദാനം നടന്നു. ഗ്രൂപ്പ് അഡ്മിൻ കെ.പി.ഏലിയാസ് വീടിന്റെ താക്കോൽ ജാനകിക്ക് കൈമാറി. ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.എം.റെജി ,​ ആർ.രമേശ്,ബിനു മാത്യു,വിഷ്ണു, സിഞ്ചോ ഉമ്മൻ, റോബിൻ, അരുൺലാൽ, അലക്സ് പീടികയിൽ, ബാബു, അനി ചരുവിള, സരോജിനി ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.