ഒരു രൂപപോലും തിരിച്ചു കിട്ടാത്ത നിക്ഷേപകർ ഏറെ
കൊട്ടാരക്കര: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകവേ, 13 വർഷം മുമ്പ് കൊട്ടാരക്കര താമരക്കുടി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന 13 കോടിയുടെ ധനാപഹരണ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ബാങ്കിലെ മൂവായിരത്തോളം ഇടപാടുകാർക്കാണ് പണം നഷ്ടമായത്.
10,000 മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ടവരുണ്ട്. താമരക്കുടി സ്വദേശിയായ റിട്ട. ഐ.ബി ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണപിള്ളയ്ക്കും റിട്ട അദ്ധ്യാപികയായ ഭാര്യയ്ക്കും കൂടി 70 ലക്ഷമാണ് നഷ്ടമായത്!.പണം തിരികെക്കിട്ടാൻ ഇവർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ല. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സഹകരണ ബാങ്കിൽ കർഷകരും കശുഅണ്ടി തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് ഭൂരിപക്ഷം സഹകാരികളും. മൈലം പഞ്ചായത്തിൽ അന്ന് ഏക ധനകാര്യ സ്ഥാപനം ഇതുമാത്രമായിരുന്നു. അദ്ധ്യാപകരും സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ളവർ സർവ്വീസിൽ നിന്നു വിരമിക്കുമ്പോൾ കിട്ടുന്ന പണം മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി ഇവിടെ നിക്ഷേപിക്കുകയായിരുന്നു പതിവ്. ഇതാണ് വ്യാജരേഖകൾ ചമച്ചും തിരിമറികാട്ടിയും വ്യാജ ലോണുകൾ അനുവദിച്ചും കവർന്നത്.
ഫലം കാണാത്ത പ്രതിഷേധങ്ങൾ
പണം നഷ്ടപ്പെട്ടവർ ബാങ്കിനു മുന്നിലും എ.ആർ ഓഫീസിനു മുന്നിലും ജന പ്രതിനിധികളുടെ വീട്ടു പടിക്കലും പ്രതിഷേധ സമരങ്ങളും സത്യാഗ്രഹവുമെല്ലാം നടത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. കുറ്റം മുഴുവൻ ബാങ്ക് സെക്രട്ടറിയുടെ മേൽ കെട്ടിവച്ച് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധമുള്ള പലരും തലയൂരുകയും ചെയ്തു. വിരമിക്കുന്നതിനു നാലു മാസം മുന്പ് തിരികെ സർവ്വീസിൽ കയറ്റി സർവ്വ ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കുകയും ചെയ്തു. ബാങ്കിന് ലഭിക്കാനുള്ള പണം കോടതി ഇടപെടലിനെ തുടർന്ന് വാങ്ങിയെടുക്കുകയും കുറച്ചു നിക്ഷേപകർക്ക് ഭാഗികമായി നൽകുകയും ചെയ്തു. എങ്കിലും ഒരു രൂപ പോലും ലഭിക്കാത്തവരാണ് ഏറെയും.
.