കൊല്ലം: അശാസ്ത്രീയമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റും സംസ്ഥാന വക്താവുമായ എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കളുടെ തിരക്ക് ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്നും സി കാറ്റഗറിയിലുള്ള മേഖലകളിൽ തുണിക്കട, സ്വർണക്കട, ചെരുപ്പുകട, വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽക്കുന്ന സ്ഥാപനങ്ങൾ മുതലായവ കൂടി തുറക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ തെക്കടം ഹരീഷ്, താലൂക്ക് പ്രസിഡന്റ് രാജീവ്, ട്രഷറർ പട്ടത്താനം സുരേഷ് കുമാർ, ടൗൺ യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ, അജി തുടങ്ങിയവർ സംസാരിച്ചു.