പരവൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിറുത്തിവച്ച പൂതക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ചന്തകൾ തുറക്കുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിഅമ്മ അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ ആരോഗ്യപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു.

പൂതക്കുളം, കലയ്‌ക്കോട്, അമ്മാരത്തുമുക്ക്, പുത്തൻകുളം, ഊന്നിൻമൂട് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാന ചന്തകൾ പ്രവർത്തിക്കുന്നത്. രോഗവ്യാപനം ചെറുക്കാൻ രണ്ട് മാസത്തിന് മുമ്പാണ് ഇവയുടെ പ്രവർത്തനം പഞ്ചായത്ത് നിറുത്തിവയ്പ്പിച്ചത്. ഇതോടെ കൃഷിക്കാരും വ്യാപാരികളുമടക്കം നൂറുകണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിലായി. ചന്ത ലേലത്തിനെടുത്ത കരാറുകാർക്കും തിരിച്ചടിയായി.

പ്രധാന വരുമാന സ്രോതസായ ചന്തകളുടെ പ്രവർത്തനം നിലച്ചതോടെ പഞ്ചായത്തിന്റെ നികുതിവരുമാനവും കുത്തനെ ഇടിഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നതിനാൽ പഞ്ചായത്തിന്റെ സാമ്പത്തിക നില തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചന്തകൾ തുറക്കുന്നതിനെ സംബന്ധിച്ച് അധികൃതർ ആലോചിക്കുന്നത്.