perumon-bridge
പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു

കൊല്ലം: മൺറോത്തുരുത്തിനെ കൊല്ലം നഗരവുമായി ബന്ധിപ്പിക്കാൻ നിർമ്മാണം ആരംഭിച്ച പുതിയ പാലത്തിലാണ് തുരുത്തിന്റെ പ്രതീക്ഷകളെല്ലാം. പേഴുംതുരുത്ത് - പെരുമൺ കരകളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്. ഇതു പൂർത്തിയാവുന്നതോടെ ജങ്കാറിനെയും കടത്തുവള്ളങ്ങളെയും ആശ്രയിക്കാതെ തുരുത്ത് നിവാസികൾക്ക് കൊല്ലം നഗരത്തിലെത്താം.

കഴിഞ്ഞ നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. തൂണിന്റ പൈലിംഗ് ജോലികളാണ് തുടങ്ങിയത്. രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. പിന്നാലെ കണ്ണങ്കാട് പാലത്തിന്റെ നിർമ്മാണത്തിനുള്ള നടപടികൾ കൂടി തുടങ്ങിയതോടെ മൺറോത്തുരുത്തിന്റ ടൂറിസം വികസനത്തിനും സാദ്ധ്യതയേറുകയാണ്.

കൊല്ലം, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിച്ച് മൺറോത്തുരുത്ത് - പടിഞ്ഞാറേകല്ലട കരകളിലൂടെ കടന്നുപോകുന്ന പാലം കൊല്ലത്ത് നിന്ന് ശാസ്താംകോട്ടയിലേക്കുള്ള ദൂരം 5 കിലോമീറ്റർ വരെ കുറയ്ക്കും. നിലവിൽ 25 കിലോമീറ്റർ യാത്രയുണ്ട്. കൊച്ചി ഭാഗത്ത് നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വരുന്ന വാഹനങ്ങൾക്ക് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, കണ്ണങ്കാട്, പെരുമൺ പാലങ്ങൾ കയറി ബൈപ്പാസിന്റെ കടവൂർ ഭാഗത്ത് എത്തുകയും ചെയ്യാം.

വികസനം കാത്ത് റെയിൽവേ സ്റ്റേഷനും

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനംകൂടി യാഥാർത്ഥ്യമായെങ്കിലേ തുരുത്ത് നിവാസികളുടെ യാത്രാദുരിതത്തിന് പൂർണ പരിഹാരമാകൂ. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കുകയും വേണം. ഫ്ലാഗ് സ്റ്റേഷനാണ് ഇപ്പോഴും. സിഗ്നൽ സ്റ്റേഷൻ ആക്കണമെന്നാണ് ആവശ്യം.

തുരുത്ത് നിവാസികൾക്ക് കുറഞ്ഞ ചെലവിൽ പുറത്തുപോയി പഠനം നടത്താൻ അവസരമുണ്ടായത് റെയിൽവേ സ്റ്റേഷൻ വന്നതിന് ശേഷമാണ്. ട്രെയിൻ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടാതിരുന്നതും തുരുത്തിന്റെ വളർച്ചയ്ക്ക് തടസമായി.

 വേണമൊരു മേൽപ്പാലം

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം ഇല്ലാത്തത് നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ടിക്കറ്റ് വാങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ വനിത ട്രെയിൻ തട്ടി മരിച്ച സംഭവമുണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല.

ഇന്റർസിറ്റി, പാലരുവി ട്രെയിനുകൾക്കും മെമുവിനും മാത്രമാണ് തുരുത്തിൽ സ്റ്റോപ്പുള്ളത്. മലബാർ എക്സ്പ്രസിന് നേരത്തെ സ്റ്റോപ്പ്‌ ഉണ്ടായിരുന്നെങ്കിലും പ്ളാറ്റ്ഫോമിന്റെ നീളക്കുറവ് കാരണം റദ്ദാക്കി. രാവിലെ തുരുത്തിൽ നിന്ന് പുറപ്പെട്ടാൽ എട്ട് മണിയോടെ തിരുവനന്തപുരത്ത് എത്താവുന്ന മലബാർ എക്സ്പ്രസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്ന രോഗികൾക്ക് ഉൾപ്പെടെ ആശ്വാസമായിരുന്നു.

റെയിൽവേ ട്രാക്ക് തുരുത്തിനെ രണ്ടായി മുറിച്ചതിനാൽ പട്ടംതുരുത്ത് വെസ്റ്റും പേഴുംതുരുത്തും മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. നാട്ടുകാർ പണം പിരിച്ച് പേഴുംതുരുത്ത് റെയിൽവേ പാലത്തിനടിയിലൂടെ റോഡ് നിർമ്മിച്ചതോടെയാണ് ഇതിന് താത്കാലിക പരിഹാരമായത്.

പെരുമൺ - പേഴുംതുരുത്ത് പാലം

 നടപ്പാത കൂടാതെ ഏഴര മീറ്റർ വീതിയും 500 മീറ്റർ നീളവും

 നിർമ്മാണ ചെലവ്: 42 കോടി

 ഇരുകരകളിലുമായി 4 തൂണുകൾ ഉൾപ്പടെ 14 തൂണുകൾ

 പാലത്തിന്റെ ഇരുവശങ്ങളിലേക്ക് പോകാൻ അടിപ്പാതകൾ

 നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ പാലവും ടെണ്ടർ നടപടികളിലേക്ക് നീങ്ങുന്ന കണ്ണങ്കാട് പാലവും ജില്ലയുടെ മൊത്തത്തിലുള്ള ഗതാഗത വികസനത്തിൽ വൻ മുന്നേറ്റമുണ്ടാക്കും. മുടങ്ങിക്കിടക്കുന്ന കൊന്നയിൽക്കടവ് പാലം നിർമ്മാണം റീ ടെണ്ടർ ചെയ്ത് പുനരാരംഭിക്കുകയും അരിനല്ലൂർ, മുട്ടം പാലങ്ങൾ കൂടി യാഥാർത്ഥ്യമാകുകയും ചെയ്യുന്നതോടെ മൺറോത്തുരുത്ത് ഗതാഗത വികസനത്തിൽ അത്യുന്നതിയിൽ എത്തും.

ബിനു കരുണാകരൻ,

സി. പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി