കൊല്ലം: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് മിന്നുംവിജയം. 88. 83 ആണ് വിജയശതമാനം. കഴിഞ്ഞവർഷം 85.90 ആയിരുന്നു. ഇത്തവണ എപ്ലസുകാരുടെ എണ്ണവും കുതിച്ചുയർന്നു. 3786 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷമിത് 1717 ആയിരുന്നു.
134 സ്കൂളുകളിലായി 27865 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷയെഴുതിയ 27673 പേരിൽ 24583 പേർ ഉപരിപഠനത്തിന് അർഹരായി. നാല് സ്കൂളുകൾക്കാണ് ഇത്തവണ സമ്പൂർണ വിജയം. വാളകം സി.എസ്.ഐ വൊക്കേഷണൽ എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ഡെഫ് (21 കുട്ടികൾ), എഴുകോൺ കാരുവേലിൽ സെന്റ് ജോൺസ് എച്ച്.എസ്.എസ് (37) എന്നിവ തുടർച്ചയായ മൂന്നാം വർഷവും 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിച്ച അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസിനൊപ്പം (21) ഇത്തവണ പുനലൂർ സെന്റ് തോമസ് എച്ച്.എസ്.എസും (68) 100 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷങ്ങളിലെ പോലെ ജില്ലയിലെ സർക്കാർ സ്കൂളുകൾ ഇത്തവണയും മികച്ച നേട്ടം സ്വന്തമാക്കി.
ഓപ്പൺ സ്കൂളിൽ 58.52 %
കൊല്ലം: ഓപ്പൺ സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ജില്ലയിൽ 58.52 % പേർ വിജയിച്ചു. ആകെ പരീക്ഷ എഴുതിയ 1403 വിദ്യാർത്ഥികളിൽ 821 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 8 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
വി.എച്ച്.എസ്.ഇയിൽ 86.6 ശതമാനം വിജയം
കൊല്ലം: വി.എച്ച്.എസ്.ഇയിൽ അഞ്ച് സ്കൂളുകൾ സമ്പൂർണ വിജയം നേടിയതിനൊപ്പം എൻ.എസ്.ക്യു.എഫ് സ്കീമിൽ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തുകയും ചെയ്തു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇത്തവണ 86.6 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 3381 വിദ്യാർത്ഥികളിൽ 2928 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 100 ശതമാനം വിജയം നേടിയ സംസ്ഥാനത്തെ 11 സ്കൂളുകളിൽ അഞ്ചും ജില്ലയിലാണ്. അഞ്ചൽ ഇൗസ്റ്റ് ഗവ.വി.എച്ച്.എസ്.എസ് (79 വിദ്യാർത്ഥികൾ), കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസ് (58), കരുനാഗപ്പള്ളി ഗവ. വി.എച്ച്.എസ്.എസ് (57), അയത്തിൽ വി.വി വി.എച്ച്.എസ്.എസ് (107), കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി വി.എച്ച്.എസ്.എസ് (44) എന്നീ സ്കൂളുകളിലാണ് സമ്പൂർണ വിജയം. കഴിഞ്ഞ വർഷം 79.24 ശതമാനമായിരുന്നു വിജയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ പുതിയ സ്കീമായ എൻ.എസ്.ക്യു.എഫിൽ (നാഷനൽ സ്ക്വിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്) 87.74 ശതമാനം വിജയത്തോടെയാണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയ 310 പേരിൽ 272 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.