v
കേ​ര​ള​കൗ​മു​ദി​യിൽ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച വാർ​ത്ത

കൊല്ലം: വനംവകുപ്പിന്റെ കൊല്ലം തുയ്യം തടി ഡിപ്പോയിൽ ചുമട്ടുതൊഴിലാളികളുടെ ചൂഷണം സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. അസി. ലേബർ ഓഫീസർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.

ഡിപ്പോയിലെത്തിയ അസി. ലേബർ ഓഫീസർ വനംവകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. തടിഡിപ്പോയിലെ ഇപ്പോൾ നിലനിൽക്കുന്ന കൂലി എത്രനാൾ മുൻപ് നിലവിൽവന്നു, മറ്റ് ഡിപ്പോകളിലെ ഇപ്പോഴത്തെകൂലി, തൊഴിലാളികളുടെ ചൂഷണം സംബന്ധിച്ച ജനങ്ങളുടെ പരാതി എന്നിവയുൾപ്പടെ വിശദ റിപ്പോർട്ടാണ് ജില്ലാ ലേബർ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്.

തുയ്യം തടിഡിപ്പോയിലെ ചൂഷണവുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് രണ്ടുദിവസം മുൻപ് ജില്ലാലേബർ ഓഫീസർ അസി. ലേബർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പിടിച്ചുവാങ്ങുന്നത് അന്യായ കൂലി

ഒരു ക്യുബിക് മീറ്റർ തടി കയറ്റാൻ 3000 രൂപയാണ് തുയ്യം തടിഡിപ്പോയിലെ കൂലി. ഒരു മീറ്ററിനെക്കാൾ അല്പം തടി കൂടുതലുണ്ടെങ്കിൽ അതിന് ആനുപാതികമായ നിരക്കിനുപകരം രണ്ട് ക്യുബിക് മീറ്ററിനുള്ള 6000 രൂപ പിടിച്ചുവാങ്ങും. തൊഴിൽവകുപ്പ് നിശ്ചയിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് രസീതെഴുതി നൽകിയാണ് അന്യായകൂലി പിടിച്ചുവാങ്ങുന്നത്. ഒരു ക്യുബിക് മീറ്ററിനെക്കാൾ അല്പം അധികമുണ്ടെങ്കിൽ രണ്ട് ക്യുബിക് മീറ്ററിന്റെ കൂലി വാങ്ങുന്ന അന്യായമായ രീതി നിറുത്തലാക്കി ആനുപാതിക നിരക്ക് ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

തുയ്യം തടിഡിപ്പോയിലെ ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട് അസി. ലേബർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ വിശദമായ റിപ്പോർട്ട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

എ. ബിന്ദു (ജില്ല ലേബർ ഓഫീസർ)