നടപടി യുവതിയുടെ പരാതിയിൽ കേസെടുക്കൽ വൈകിച്ചതിന്

കൊല്ലം: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം അപമാനിച്ചെന്ന കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി അന്വേഷിക്കുന്ന കുണ്ടറ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി. യുവതിയുടെ പരാതിയിൽ കേസെടുക്കൽ വൈകിച്ചെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.ജയകൃഷ്ണന് കൊല്ലം സിറ്റി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് മാറ്റം. നീണ്ടകര കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എസ്. മഞ്ജുലാലിനാണ് പകരം നിയമനം.

യുവതി ജൂൺ 28നാണ് എൻ.സി.പി നേതാവിനെതിരെ പരാതിനൽകിയത്. എസ്. ജയകൃഷ്ണൻ ജൂലായ് ആറിനാണ് കുണ്ടറ ഇൻസ്പെക്ടറായി ചുമതലയേറ്റത്. പക്ഷേ ,പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടെന്ന് യുവതിയുടെ പിതാവ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ ശേഷമാണ് കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതേ സമയം പരാതിക്കാരിയുടെ രഹസ്യമൊഴി കൊല്ലം ജെ.എഫ്.എം.സി മൂന്നാം ക്ലാസ് കോടതി ഇന്നലെ രേഖപ്പെടുത്തി. നേരത്തേ പൊലീസിനോടും മാദ്ധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങൾ കോടതിക്ക് മുന്നിലും പറഞ്ഞതായാണ് സൂചന.