കായലിൽ ഒഴുകി നടന്നിട്ടും നടപടിയില്ല
കൊല്ലം: അഷ്ടമുടിക്കായലിന്റെ ഭാവിക്കുപോലും ദോഷകരമാവും വിധം തെർമ്മോകോൾ മാലിന്യങ്ങൾ തള്ളിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. തെർമോകോൾ ഷീറ്റുകൾ കായലിൽ ഒഴുകിനടക്കുന്ന അവസ്ഥയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും കായലിന്റെ ആവാസ വ്യവസ്ഥയ്ക്കും തടസമായിരിക്കുകയാണ് ഇവ.
മത്സ്യബന്ധന ബോട്ടുകളിൽ ഉപയോഗിക്കുന്ന തെർമോകോൾ ഷീറ്റുകളാണിവ. ഒറ്റപ്പെട്ട തുരുത്തുകളിൽ ഇവ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവായിരിക്കുകയാണ്. അവധി ദിവസങ്ങളിലാണ് കത്തിക്കുന്നത് എന്നതിനാൽ, പ്രത്യാഘാതം ബോദ്ധ്യമുള്ളവരാണ് പിന്നിലെന്നും വ്യക്തമാണ്.
തെർമോകോൾ ജലനിരപ്പിൽ ഒഴുകിനടക്കുന്നതിനാൽ സൂര്യരശ്മികൾ കായലിനുള്ളിലേക്ക് കടക്കുകയില്ല. അന്തരീക്ഷ വായുവുമായി സമ്പർക്കമില്ലാത്തതിനാൽ ജലത്തിലെ ഓക്സിജൻ നില ക്രമം തെറ്റാനും സാദ്ധ്യത ഏറെയാണ്. ജലോപരിതലത്തിലെ ചെറിയ ജൈവ മാലിന്യങ്ങൾ ഭക്ഷണമാക്കുന്ന ചെറുമത്സ്യങ്ങൾക്കും ജീവജാലങ്ങൾക്കും ഇവ ഭീഷണിയാവും. മുട്ടകൾക്ക് സംരക്ഷണമൊരുക്കി ദിവസങ്ങളോളം ഒരേ നിൽപ്പ് നിൽക്കുന്ന (തടം നിൽക്കുക) കരിമീനുകളുടെ പ്രജനനത്തിനും ഇവ തടസമാകുമെന്നാണ് വിദഗ്ദ്ധരുടെ വിശദീകരണം.
തെർമോകോൾ (ബോട്ടുകളിൽ)
1. മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറുകളിൽ
2. ഷീറ്റുകൾക്ക് നാലടി നീളവും രണ്ടടി വീതിയും നാലിഞ്ച് കനവും
3. ഇടത്തരം ബോട്ടിൽ 200ൽ അധികം ഷീറ്റുകൾ
4. ബോട്ടുകൾ പൊളിക്കുന്നിടത്ത് നിന്നും തള്ളുന്നു
കായലിലേക്ക് വരുന്ന വഴി
1. കൂട്ടത്തോടെ ഷീറ്റുകൾ പുറത്തെടുക്കും
2. ഇവ മറ്റ് കരാറുകാർ സംസ്‌കരിക്കാനായി ശേഖരിക്കും
3. മുക്കാട്, സാമ്പ്രാണിക്കോടി, ശക്തികുളങ്ങര ഭാഗത്തെ തുരുത്തുകളിൽ കൂട്ടിയിടും
4. അവധി ദിവസങ്ങളിൽ കൂട്ടത്തോടെ കത്തിക്കും
5. വള്ളത്തിൽ കൊണ്ടുപോകു പലതും കാറ്റിൽ കായലിൽ വീഴും
6. ബോട്ടിന്റെ ഇരുമ്പ്, ചെമ്പ് ഭാഗങ്ങളൊഴികെ ബാക്കിയുള്ള മാലിന്യങ്ങൾ മറ്റുള്ളവർക്ക് നൽകും
ബോട്ടുകൾ പൊളിക്കുന്ന സ്ഥലങ്ങൾ
ശക്തികുളങ്ങര, കാവനാട് (കണിയാൻ കടവ്), പ്രാക്കുളം, കുരീപ്പുഴ