photo
കൊട്ടാരക്കര തൃക്കണ്ണമംഗൽ ജംഗ്ഷന് സമീപത്തെ തകർച്ചയിലായ റേഡിയോ കിയോസ്ക്

കൊല്ലം: തലമുറകൾ പാടിയും പറഞ്ഞും ജനങ്ങളെ രസിപ്പിച്ചതാണ് കൊട്ടാരക്കര തൃക്കണ്ണമംഗലിലെ റേഡിയോ കിയോസ്ക്. അധികൃതരുടെ അവഗണനയിൽ താഴുവീണ കിയോസ്ക് തീർത്തും നോക്കുകുത്തിയായി മാറിയിട്ട് നാളേറെയായി. റേഡിയോ പോലും അപൂർവമായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതാണ് ഈ റേഡിയോ കിയോസ്ക്. അന്ന് ആകാശവാണി വാർത്തകളറിയാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകളെത്തിയിരുന്നു. പ്രഭാതഭേരിയും കഥാപ്രസംഗവും നാടകവും ഗാനങ്ങളും കേൾക്കാൻ വലുപ്പ ചെറുപ്പമില്ലാതെ ആളുകൾ ഇവിടെയെത്തിയിരുന്നു.

കാലം മാറുകയും റേഡിയോയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തതോടെ റേഡിയോ കേന്ദ്രവും അടഞ്ഞു. ഉപകരണങ്ങളെല്ലാം നശിച്ചു. പോസ്റ്ററുകൾ ഒട്ടിച്ച് ചുവരുകൾ വികൃതമാക്കി. അറ്റകുറ്റപ്പണി നടത്തി കേന്ദ്രം പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായതുമില്ല.

പഴമ കെടാതെ സംരക്ഷിക്കും

തൃക്കണ്ണമംഗൽ ജംഗ്ഷന് സമീപത്തെ അടഞ്ഞുകിടക്കുന്ന റേഡിയോ കേന്ദ്രം പഴമയുടെ തനിമയോടെ സംരക്ഷിക്കാനുള്ള ആലോചനയിലാണ് നഗരസഭ. നഗരസഭ ചെയർമാൻ എ.ഷാജു മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ റേഡിയോ കേന്ദ്രത്തിന് പുതുജീവൻ നൽകാനുള്ള ശ്രമം തുടങ്ങി. തൃക്കണ്ണമംഗൽ സ്വദേശിയായ ജോണി ചക്കാല രണ്ട് ലക്ഷം രൂപയോളം മുടക്കി റേഡിയോ കേന്ദ്രം നവീകരിക്കാമെന്ന് ചെയർമാന് ഉറപ്പ് നൽകി. പഴയ റേഡിയോ കേന്ദ്രത്തിന്റെ പഴമ നഷ്ടപ്പെടാതെ കൂടുതൽ സൗകര്യങ്ങളൊരുക്കി ഭംഗിയാക്കാനാണ് തീരുമാനം. വൈദ്യുതി കണക്ഷൻ ലഭ്യമാക്കി റേഡിയോയും ടി.വിയും ഇവിടെ സ്ഥാപിക്കും.