സി. കാറ്റഗറിയിലെ കടകൾ തുറക്കുന്നതിൽ വിവേചനം
കടയ്ക്കൽ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, സി കാറ്റഗറിയിൽ വരുന്ന മേഖലകളിലെ കടകൾ തുറക്കാൻ അനുമതി നൽകുന്നതിൽ അധികൃതർ വേർതിരിവ് കാട്ടുന്നതായി വ്യാപാരികളുടെ പരാതി. ഒരു വിഭാഗം കടകൾ തുറന്ന് പ്രദേശം മൊത്തം തിക്കും തിരക്കുമുണ്ടായിട്ടും മറ്റൊരു വിഭാഗം വ്യാപരികൾ കണ്ണീരണിഞ്ഞു നിൽക്കേണ്ട അവസ്ഥയാണ് പ്രതിഷേധത്തിനു കാരണമാകുന്നത്.
തുണിക്കട, സ്വർണ്ണക്കട, ചെരുപ്പ്കട, ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽക്കുന്ന സ്ഥാപനങ്ങൾ, ഫാൻസി കടകൾ എന്നിവയ്ക്ക് നിലവിൽ വെള്ളിയാഴ്ച മാത്രമാണ് പ്രവർത്തനാനുമതി. ഒരേകെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റു കടകൾ തുറന്നിരിക്കെ, ഇവർക്ക് തുറക്കാൻ അനുമതി ലഭിക്കുന്നില്ല. ഈ കടകൾ കൂടി തുറന്നാൽ തിരക്കിന്റെ കാര്യത്തിൽ എന്തു വ്യത്യാസമുണ്ടാവുമെന്നും വ്യാപാരികൾ ചോദിക്കുന്നു.
നിലവിൽ കടക്കെണിയിലാണ് പലരും. ബാങ്ക് വായ്പകളുടെ ഇ.എം.ഐ മുടങ്ങി. വാഹനം സി.സി പിടിത്തക്കാർ കൊണ്ടുപോവുന്ന അവസ്ഥയാണ്. ഇതിനിടെ മറ്റൊരു തലവേദനയായി, പെരുകുന്ന ഇന്ധനവിലയും. ഓൺലൈൻ പഠനം രണ്ടാം വർഷത്തിലേക്ക് കടന്നതോടെ മക്കൾക്ക് പുതിയ ഫോൺ വാങ്ങി നൽകാനാവാത്ത അവസ്ഥ! കട തുറക്കുന്ന കാര്യത്തിൽ എന്തടിസ്ഥാനത്തിലാണ് ഈ വിവേചനമെന്ന ചോദ്യം പ്രസക്തമാവുകയാണ്. ഒരു വെള്ളിയാഴ്ച തുറന്നാൽ അടുത്ത വെള്ളിവരെ വീട്ടിലിരിക്കേണ്ടിവരും. സ്പെയർപാർട്സ് കടക്കാരുടെ കാര്യം കഷ്ടത്തിലായതോടെ വർക്ക്ഷോപ്പുകളുടെ പ്രവർത്തനവും അവതാളത്തിലായി.
വെട്ടിച്ചുരുക്കൽ
പ്രവർത്തനം ഒരു ദിവസത്തിലേക്ക് ചുരുങ്ങുന്ന കടകളിൽ ജീവനക്കാരെ കുറയ്ക്കാൻ നിർബന്ധിതരാവുകയാണ് ഉടമകൾ. നാലു പേർ ഉള്ള സ്ഥാപനങ്ങളിൽ ഉടമയും ഒരു ജീവനക്കാരനും എന്ന നിലയിലായി കാര്യങ്ങൾ. ഒഴിവാക്കപ്പെട്ടവരോട്, സ്ഥിരമായ പിരിച്ചുവിടലല്ല എന്ന് ആശ്വാസവാചകവും ഉടമകൾ പറയുന്നുണ്ട്. അതിലാണ് അവരുടെ പ്രതീക്ഷ. സ്ഥിരമായി കടകൾ തുറക്കാൻ അവസരമുണ്ടാവുമെന്ന പ്രതീക്ഷയിൽ ഉടമകളും.