കൊല്ലം: പട്ടികജാതി - പട്ടികവർഗ വികസന പുരോഗതി ലക്ഷ്യംവച്ച് വിവിധ വകുപ്പുകൾ നീക്കിവച്ചിട്ടുള്ള തുക വകമാറ്റി ചെലവഴിക്കുന്നതിനെതിരെ കേരള താണ്ടാൻ സർവീസ് സൊസൈറ്റി യോഗം പ്രതിഷേധിച്ചു. പട്ടികജാതി - പട്ടികവർഗ ഉന്നമനം ലക്ഷ്യമാക്കി ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതികൾ ആസൂത്രിതമായി നടപ്പിലാക്കാതെ ഉദ്യോഗസ്ഥർ അവശ വിഭാഗങ്ങളുടെ ഉന്നമനത്തിന് തടയിടുകയാണ്. നീക്കിവച്ച തുക വകമാറ്റി ചെലവഴിക്കുകയും ചെലവഴിച്ചതായി കബളിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പൂർണമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓർഗനൈസിംഗ് സെക്രട്ടറി കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.