തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡരികിൽ മാളിയേക്കൽ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിന്റെ പരിസരസരങ്ങളിൽ അറവു മാലിന്യങ്ങൾ തള്ളുന്നതായി പരാതി. മാളിയേക്കൽ റെയിൽവേ ഗേറ്റ് മുതൽ പടിഞ്ഞാറോട്ട് പാറ്റോലിൽ പാലം വരെയുള്ള ഭാഗങ്ങളെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലുമായി അറവു മാലിന്യങ്ങളും കോഴിവേസ്റ്റും നിറച്ചാണ് വഴിയോരങ്ങളിൽ തള്ളുന്നത്. പരിസരങ്ങളിലെ താമസക്കാരും കച്ചവടക്കാരും പോളി ടെക്നിക്ക് കോളേജിൽ എത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം മൂക്ക് പൊത്തിയാണ് ഇതുവഴി കടന്നു പോകുന്നത്. പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയിടാൻ തൊടിയൂർ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ, കരുനാഗപ്പള്ളി പൊലീസ് എന്നിവരുടെ ഇടപെടലുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.