ഏരൂർ: വീട്ടിൽ വളർത്തിയ ആടുകൾ ചത്തു വീണത് വിഷംകഴിച്ചതാകാമെന്ന് സംശയം. വെള്ളടിക്കുന്ന് ചരുവിളവീട്ടിൽ മോഹനന്റെയും ഷീജയുടെയും 8 ആടുകളാണ് ഒന്നൊന്നായി ചത്ത് വീണത്. ഞായറാഴ്ച തൊട്ടടുത്ത പുരയിടത്തിൽ പതിവുപോലെ മേയാനായി കെട്ടിയിരുന്നു. വൈകിട്ട് തിരികെ കൂട്ടിൽ എത്തിയശേഷമാണ് ആടുകളിൽ വല്ലായ്മ കണ്ടുതുടങ്ങിയത്. തിങ്കളാഴ്ച രാവിലെ മൃഗാശുപത്രിയിലെത്തി വിവരം ധരിപ്പിച്ചു. ഡോക്ടർ ഇല്ലാതിരുന്നതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി നൽകിയ മരുന്ന് ആടുകൾക്ക് നൽകി. വൈകിട്ട് ഒരു ആട് ചത്തു. ചൊവ്വാഴാഴ്ച വൈകിട്ടാണ് ഡോക്ടർ വീട്ടിലെത്തി ആടുകളെ പരിശോധിച്ചത്. വിഷം കഴിച്ചതിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് മരുന്ന് നൽകിയെങ്കിലും രാത്രിയിൽ 4 വലിയ ആടുകളും 3 ചെറിയ ആടുകളും ചത്തു. വൈകുന്നേരത്തോടെ പുനലൂർ നിന്ന് വെറ്ററിനറി സർജനെത്തി പോസ്റ്റുമോർട്ടം നടത്തി. രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂ. ഏരൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.