കൊല്ലം: അറ്രകുറ്റപ്പണിക്കായി കൊല്ലം പോർട്ടിന്റെ പരിധിയിൽ പ്രവേശിക്കാൻ അനുമതി തേടി പനാമ ഫ്ലാഗുള്ള കൂറ്റൻ ചരക്ക് കപ്പൽ തീരക്കടലിൽ കാത്തുകിടക്കുന്നു. ജീവനക്കാരായ 16 ചൈനക്കാർക്കും 3 വിയറ്റ്നാംകാർക്കും എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ തീരത്ത് അടുപ്പിക്കാനാകൂ.
ഇറാനിൽ നിന്നു സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന 'ഹോങ്ങ് ദേ' എന്ന കപ്പലിന് ആലപ്പുഴയിൽ നിന്നു 12 നോട്ടിക്കൽ മൈൽ അകലെയാണ് സാങ്കേതിക തകരാറുണ്ടായത്. ഉടൻ തന്നെ കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയെ കപ്പൽ അധികൃതർ ബന്ധപ്പെട്ടു. ഏജൻസിയുടെ നേതൃത്വത്തിൽ എമിഗ്രേഷൻ ക്ലിയറൻസിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സൗകര്യമില്ലാത്തതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഇതിനുള്ള ചുമതല.
പോർട്ടിൽ ആഴം കുറവായതിനാൽ കപ്പൽ അടുപ്പിക്കാനാവില്ല. അല്പം അകലെ നങ്കൂരമിട്ട ശേഷം വിദഗ്ദ്ധർ ബോട്ടിൽ പോയി തകരാർ പരിഹരിക്കും. ഇന്നലെ വൈകിട്ട് 5.30 ഓടെ കൊല്ലം തീരത്ത് നിന്നു 3 നോട്ടിക്കൽ മൈൽ അകലെവരെ കപ്പൽ എത്തിച്ചു. രാത്രി എട്ടരയോടെ നങ്കൂരമിട്ടു. എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചാൽ ഇന്ന് ഉച്ചയോടെ ജീവനക്കാർക്ക് ഇറങ്ങാനാവും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങും.