photo
നാശോന്മുഖമാകുന്ന സുനാമി സ്മൃതി മണ്ഡപം.

കരുനാഗപ്പള്ളി: സുനാമിത്തിരയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്മൃതിമണ്ഡപം അധികൃതരുടെ നോട്ടമെത്താതെ തകർച്ചയുടെ വക്കിലാണ്. സുനാമി ദുരന്തത്തിന്റെ ഓർമ്മയ്ക്കായി അഴീക്കൽ നാലാം വാർഡിലെ കടൽതീരത്താണ് സർക്കാർ സുനാമി സ്മൃതി മണ്ഡപം സ്ഥാപിച്ചത്.കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സ്തൂപത്തിൽ കൊത്തി വെച്ചിട്ടുള്ള ചിത്രങ്ങളുടെ നിറം മങ്ങിത്തുടങ്ങി.

ദുരന്തത്തിന്റെ നേർ കാഴ്ച

17 ലക്ഷം രൂപ ചെലവിൽ ശില്പി ജ്യോതിഷ് ശങ്കർ ഒരു വർഷം സമയമെടുത്താണ് സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സുനാമി ദുരന്തത്തിന്റെ നേർ കാഴ്ചയാണ് സ്മൃതി മണ്ഡപത്തിൽ കോറിയിട്ടിരിക്കുന്നത്. കൂറ്റൻ തിരമാലകൾ തീരത്തേക്ക് പാഞ്ഞടുക്കുന്നതും മനുഷ്യർ തിരമാലകൾക്കുള്ളിൽ പെട്ട് ഒഴുകുന്നതും സ്തൂപത്തിൽ കാണാം . 10 അടി താഴ്ചയിൽ നിന്നാണ് സ്തൂപം നിർമ്മിച്ചിരിക്കുന്നത്.

139 പേരുടെ ജീവനുകളാണ് സുനാമിയിൽ പൊലിഞ്ഞത്. ഇതിൽ 63 പേർ കുട്ടികളായിരുന്നു. 12 വർഷങ്ങൾക്ക് മുമ്പാണ് സ്മൃതി മണ്ഡപം സർക്കാർ നാടിന് സമർപ്പിച്ചത്.

തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം

റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 14 സെന്റ് ഭൂമിയിലാണ് സ്മൃതി മണ്ഡപമുള്ളത്. സ്മൃതി മണ്ഡപത്തിന് ചുറ്റും പൊക്കം കുറഞ്ഞ മതിൽ കെട്ടുണ്ട്. മതിലിന്റെ മുൻവശത്ത് ഗേറ്റ് ഇല്ലാത്തതിനാൽ മണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആദ്യമൊക്കെ റവന്യൂ വകുപ്പ് മണ്ഡപം സംരക്ഷിക്കുമായിരുന്നു. ഇപ്പോൾ സുനാമി സ്മരണ പുതുക്കുന്ന ദിവസമല്ലാതെ ഉദ്യോഗസ്ഥർ ആരും ഇങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

സ്മൃതി മണ്ഡപവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സർക്കാർ ഗ്രാമപഞ്ചായത്തിന് കൈമാറിയാൽ സമൃതി മണ്ഡപത്തിന്റെ സംരക്ഷണം പൂർണമായും പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയും.

യു.ഉല്ലാസ്

ആലപ്പാട്ട് പഞ്ചായത്ത് പ്രസിഡന്റ്