പുത്തൂർ: ഇരട്ടക്കാല ഭാഗത്തെ കൃഷിയിടങ്ങളിലും റോഡിലും മാലിന്യം തള്ളുന്നതായി പരാതി. ചാക്കുകളിലാക്കിയാണ് ഇവിടെ മാലിന്യം തള്ളുന്നത്. മുൻപ് മാലിന്യം നിക്ഷേപിക്കുന്ന ഭാഗമായിരുന്ന ഇവിടെ ഒട്ടേറെ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് കുളക്കട ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് വൃത്തിയാക്കിയിരുന്നു. പഞ്ചായത്തിന്റെ വല്ലംനിറ പദ്ധതി പ്രകാരം കൃഷിയിറക്കിയതുമാണ്. എന്നാലിപ്പോൾ റോഡിലും കൃഷിയിടത്തിലുമായി മാലിന്യം തള്ളുന്നത് പതിവായി മാറുകയാണ്. ദുർഗന്ധം വമിക്കുന്നതിനാൽ വഴിയാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. പൊലീസിന്റെ ശ്രദ്ധയും പ്രത്യേകമായി ഇവിടെ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.