കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയുടെ നേതൃത്വത്തിൽ വീട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണം. മന്ത്രവാദ 'വിഷയ'ത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷങ്ങളാണ് ഇരകളിൽ നിന്ന് തട്ടിയെടുക്കുന്നത്. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ ഭയന്ന് ആരും പൊലീസിൽ പരാതി നൽകിയിട്ടുമില്ല.
സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്താണ് പുത്തൻതെരുവിന് സമീപത്തെ വീട് കേന്ദ്രീകരിച്ച് 43 വയസുള്ള യുവതിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർ 36 വയസുള്ള യുവാവിനൊപ്പമാണ് വീട്ടിൽ കഴിയുന്നത്. അർദ്ധരാത്രിയോടെയാണ് മന്ത്രവിദ്യകൾ. അട്ടഹാസവും ഭീതിയുണർത്തുന്ന ശബ്ദങ്ങളും പുറപ്പെടുവിച്ച് ഇരകളുടെ കണ്ണിൽ പൊടിയിടുന്ന കലാപരിപാടിയാണ് നടക്കുന്നതെന്ന് തട്ടിപ്പിലകപ്പെട്ട കുടുംബത്തിലെ യുവാവ് പറയുന്നു.
പൂജകൾക്കായി രണ്ട് ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ വാങ്ങുന്നത്. പൂജാസാമഗ്രികൾ അടങ്ങിയ 'കിറ്റ്' ഇവർ തന്നെ ലഭ്യമാക്കും. തിരുവനന്തപുരത്തെ പ്രശസ്തമായ മുസ്ലിം പള്ളിയിൽ നിന്നുള്ള അനുഗ്രഹമാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റുന്നത് മുതൽ വശീകരണം വരെയാണ് വാഗ്ദാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നും നിരവധി പേർ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. മക്കളുടെ ജാതകദോഷം മുതൽ കുട്ടികളുണ്ടാകാനും ശത്രുവിന്റെ നാശം കാണാനുമെല്ലാം മന്ത്രവാദത്തിനെത്തുന്നവരാണ് ഏറെ.
മന്ത്രവാദ സാമഗ്രികൾ
കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തല, എരിക്ക്, ആട്ടിൻരോമം, എണ്ണ, ആർത്തവ രക്തം, തിപ്പലി, ചമതകൾ, നീല ഉമ്മം, കടലാടി
1. സാമഗ്രികൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് 20,000 മുതൽ 30,000 രൂപ വരെയുള്ള പൂജാ കിറ്റുകൾ
2. വെള്ളിയാഴ്ചയും അമാവാസിയിലും മന്ത്രവാദങ്ങളുടെ എണ്ണം കൂടും
3. ആപത്‌രക്ഷ, ധനലാഭം, രോഗശാന്തി, ആഗ്രഹ സാഫല്യം, മനസമാധാനം തുടങ്ങിയവയ്ക്കും പൂജകൾ
4. യജ്ഞം, പൂജ, ബാധയൊഴിപ്പിക്കൽ, ജിന്നുസേവ, അറബിമാന്ത്രികം, ഇസ്മിന്റെ പണി എന്നിങ്ങനെ പല പേരുകൾ
നിയമനിർമ്മാണം ചുവപ്പ് നാടയിൽ
മന്ത്രവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് കൊലപാതകങ്ങളും 25ഓളം തട്ടിപ്പ് കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചിതരാകുന്നവരിൽ ഏറെയും പരാതിപ്പെടാൻ തയ്യാറാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട പരാതികളിൽ വിശ്വാസവഞ്ചന, കബളിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയവ വകുപ്പുകളാണ് ചേർക്കാറുള്ളത്. കടുത്ത ശിക്ഷ ലഭിക്കില്ലെന്നുള്ളതാണ് ഇത്തരക്കാർക്ക് വളമാകുന്നത്. മന്ത്രവാദ, ആഭിചാര പ്രവൃത്തികളിലൂടെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് തടയിടാനുള്ള നിയമനിർമ്മാണം 2019ൽ നിയമപരിഷ്കരണ കമ്മിഷന്റെ പരിഗണയിലെത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല.