കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച കൊല്ലം - പൂനലൂർ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകൾ അശാസ്ത്രീയമാണെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ കെ. അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വി. ജയകുമാർ, പി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് ഏഴ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കൊല്ലം മുതൽ പുനലൂർ വരെയുള്ള 46 കിലോമീറ്റർ സഞ്ചരിക്കാൻ 1.30 മണിക്കൂർ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ വാഹനം ഗതാഗത കുരുക്കിൽ പെടുന്നതിനാൽ യാത്രയ്ക്ക് രണ്ട് മണിക്കൂറിലേറെ വേണ്ടിവരുന്നു. അതുകൊണ്ടുതന്നെ മൂന്ന് ട്രിപ്പുകൾ ഒരു ബസ് പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് 12 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്ത് നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സർവീസ് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഇന്നലെ വിശദീകരണ യോഗം സംഘടിപ്പിച്ചത്.