ശാസ്താംകോട്ട: ചവറ-ശാസ്താംകോട്ട പൈപ്പ് റോഡിൽ പുനർ നിർമ്മാണം നടത്തിയ ഭാഗങ്ങളിൽ ജല അതോറിറ്റി വീണ്ടും ക്രോസ് ബാറുകൾ സ്ഥാപിച്ചു. റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് തടയുന്നതിനാണ് അര കിലോ മീറ്റർ ഇടവിട്ട് ജല അതോറിറ്റി മുൻ കാലങ്ങളിലേത് പോലെ ക്രോസ് ബാറുകൾ സ്ഥാപിച്ചത് . ശാസ്താംകോട്ടയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് വെള്ളം കൊണ്ടു പോകുന്ന പൈപ്പുകൾ ഈ റോഡിന്റെ വശങ്ങളിലാണ് കുഴിച്ചിട്ടിരക്കുന്നത്. പൈപ്പ് റോഡിന് കുറുകെ ക്രോസ് ബാറുകൾ സ്ഥാപിച്ച ജല അതോറിറ്റി നടപടിക്കെതിരെ റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർ പ്രതിഷേധവുമായി രംഗത്ത് വന്നു. സ്കൂൾ ബസുകൾ, നിർമ്മാണ സാമഗ്രികൾ കയറ്റുന്ന വാഹനങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ഫയർ എൻജിൻ ഉൾപ്പെടയുള്ള വാഹനങ്ങൾ കടന്നു പോകുന്നതിന് തടസമാകുന്ന രീതിയിൽ ക്രോസ് ബാറുകൾ ഇരുമ്പ് പൈപ്പുകളിൽ വെൽഡു ചെയ്താണ് സ്ഥാപിച്ചിരിക്കുന്നത്.പ്രധാന പാതയിൽ ഗതാഗത തടസമുണ്ടാകുമ്പോൾ പൈപ്പ് റോഡിനെയാണ് ആശ്രയിക്കുന്നത്. വർഷങ്ങളായി തകർന്നു കിടന്ന റോഡിന്റെ മൂന്നു കിലോമീറ്റർ ഭാഗം അടുത്തിടെയാണ് വീണ്ടും ടാർ ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് ശാസ്താംകോട്ട മുതൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ വരെയുള്ള ഭാഗം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. റോഡിന്റെ വശങ്ങളിൽ കുഴിച്ചിട്ടിരിക്കുന്ന ജല അതോറിറ്റിയുടെ വലിയ പൈപ്പുകൾക്ക് വലിയ വാഹനങ്ങൾ കടന്നു പോയാൽ തകരാറു സംഭവിക്കുമെന്നാണ് ജല അതോറിറ്റിയുടെ വാദം. ചവറ - മുതൽ കൊല്ലം വരെയും ഇതേ പൈപ്പുകൾ ദേശീയ പാതയുടെ വശങ്ങളിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ മറുവാദം.