കൊല്ലം: മത്സ്യബന്ധനയാനങ്ങൾ പൊളിക്കുന്നിടത്ത് നിന്ന് തെർമ്മോക്കോൾ മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ അഷ്ടമുടി കായലിലേക്ക് ഒഴുക്കിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ. കായൽത്തീരത്ത് ബോട്ട് പൊളിക്കൽ കേന്ദ്രങ്ങൾ മുളച്ചുപൊന്തുന്നത് മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ അനുമതിയില്ലാതെയാണ്. ഇരുമ്പ് വേർതിരിച്ചെടുത്തശേഷം ബോട്ടിലുള്ള തെർമ്മോക്കോൾ ഭാഗങ്ങൾ കായലിലൂടെ ഒഴുകിനടക്കുന്നതിനൊപ്പം ബോട്ടിലെ കരിഓയിലും മറ്റും കായലിലേക്ക് തള്ളുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇരുമ്പ് പട്ടകൾ ഇളക്കി മാറ്റുമ്പോഴുണ്ടാകുന്ന തുരുമ്പ് മാലിന്യവും കായൽത്തീരത്ത് നിക്ഷേപിക്കുകയാണ്.
കായലിലേക്ക് തള്ളുന്നത്
01. തെർമ്മോക്കോൾ ഷീറ്റുകൾ
02. ബോട്ടിലെ കരി ഓയിൽ
03. പാളികളായുള്ള തുരുമ്പ്മാലിന്യം
04. ബോട്ടിന്റെ ഫൈബർ ഷീറ്റുകൾ
05. വശങ്ങളിലുപയോഗിച്ച കയർ, ടയർ
മത്സ്യങ്ങളുടെ പ്രജനനത്തിനും വെല്ലുവിളി
എണ്ണ, ഓയിൽ മയമുള്ളതിനാൽ തീരങ്ങളിൽ മുട്ടയിടുന്ന മത്സ്യങ്ങളുടെ പ്രജനനത്തിനും ഇവ വെല്ലുവിളിയാണ്. കായൽത്തീരം കേന്ദ്രീകരിച്ച് ഒരു അനുമതിയുമില്ലാതെ പ്രവർത്തിക്കുന്ന ബോട്ട് പൊളിക്കൽ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുത്താൽ കായലിൽ തള്ളുന്ന തെർമോക്കോൾ മാലിന്യത്തിന് അറുതി വരുത്താൻ കഴിയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ക്രിമിനൽ കേസെടുക്കും, രണ്ടാഴ്‍ച്ചയ്‍ക്കകം
അവലോകനയോഗം വിളിക്കാൻ മനുഷ്യാവകാശ കമ്മിഷൻ
കൊല്ലം: അഷ്ടമുടിക്കായൽ മലിനീകരിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മുഷ്യാവകാശ കമ്മിഷന്റെ ശുപാർശ. ഇന്നലെ കായലിലെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ കമ്മിഷനംഗം വി.കെ. ബീനാകുമാരി എത്തിയിരുന്നു. ആദ്യപടിയായി, കായലിൽ മാലിന്യം നിക്ഷേപിക്കുന്ന ഡ്രയിനേജുകൾ, ഓടകൾ എന്നിവ ണ്ടെത്തി നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാന മലിനീകരണ നിയന്ത്റണബോർഡിനും പൊലീസിനും നിർദേശം നൽകി. തുടർനടപടി സ്വീകരിക്കുന്നതിനായി രണ്ടാഴചയ്ക്കകം അവലോകനയോഗം ചേരാനും തീരുമാനിച്ചു. ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന മലിനീകരണ നിയന്ത്റണ ബോർഡ് ജില്ലാ ഓഫീസ് എന്നിവരെ ഉൾപ്പെടുത്തിയാണ് അവലോകന യോഗം വിളിക്കുന്നത്.
നീർത്തട സംരക്ഷണത്തിനായുള്ള 'റംസാർ" ഉടമ്പടിപ്രകാരം അന്തർദേശീയ സംരക്ഷിത നീർത്തട പട്ടികയിലുള്ള അഷ്ടമുടിക്കായലിൽ വംശനാശഭീഷണി നേരിടുന്ന അനേകം ജീവജാലങ്ങളും സസ്യവിഭാഗങ്ങളുമുണ്ട്. ഇത് പ്രത്യേക ആവാസ വ്യവസ്ഥയാണ്. തീരശോഷണവും പരിസ്ഥിതി മലിനീകരണവും മൂലം കായലുമായി ബന്ധപ്പെട്ട് കഴിയുന്നവർ, മത്സ്യബന്ധന തൊഴിലാളികൾ, മറ്റ് നഗരവാസികൾ തുടങ്ങിയവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മലിനീകരണ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ അടിയന്തരമായി ഇടപെട്ടത്. അഷ്ടമുടിയിലെ മലിനീകരണം ചൂണ്ടിക്കാട്ടി 'കേരളകൗമുദി" നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.