ship
കൊല്ലം തീരത്ത് എത്തിയ പനാമ കപ്പൽ കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് റോബിൻ ബേബിയുടെ നേതൃത്വത്തിൽ വീക്ഷിക്കുന്നു

കൊല്ലം: സാങ്കേതിക തകരാറിനെ തുടർന്ന് കൊല്ലം പോർട്ടിന് സമീപം നങ്കൂരമിട്ട കൂറ്റൻ പനാമ ചരക്കുകപ്പലിന്റെ തകരാർ പരിഹരിക്കാനുള്ള സംഘം ഇന്നെത്തും. രാവിലെ കൊച്ചിയിൽ നിന്നുള്ള സർവേയർമാർ കപ്പലിലെത്തി പരിശോധിക്കും. തകരാർ പരിഹരിച്ച് ഒരാഴ്ചക്കകം യാത്ര തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇറാനിൽ നിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പുമായി പോവുകയായിരുന്ന 'ഹോങ്ദേ' എന്ന കപ്പലാണ് കൊല്ലം തീരത്ത് നങ്കൂരമിട്ടത്. 41,287 ടൺ ഇരുമ്പ് കപ്പലിലുണ്ട്. ആലപ്പുഴയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. കാർഗോയുടെ ഭാഗത്ത് വെള്ളം കയറിയതാണ് പ്രശ്നമായത്.

കൊല്ലം പോർട്ടിൽ ആഴം കുറവായതിനാൽ തീരത്ത് നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച രാത്രിയോടെ കപ്പൽ നങ്കൂരമിടുകയായിരുന്നു. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയുമായി ബന്ധപ്പെടുകയും എമിഗ്രേഷൻ ക്ലിയറൻസിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

16 ചൈനക്കാരും മൂന്ന് വിയറ്റ്നാം സ്വദേശികളും ഉൾപ്പെടെ 19 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവർക്ക് പുറത്തിറങ്ങേണ്ട സാഹചര്യമില്ല. കൊല്ലം കസ്റ്റംസ് പ്രിവന്റീവ് ഓഫിസർ റോബിൻ ബേബിയുടെ നേതൃത്വത്തിൽ പെട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.