ഇരവിപുരം: സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി കടയുടമകളുടെ മൊബൈൽ മോഷ്ടിച്ച് ബൈക്കിൽ കടക്കുന്ന സംഘത്തിൽപ്പെട്ട രണ്ടു പേരെ ഇരവിപുരം പൊലീസ് പിടികൂടി. മങ്ങാട് ചാത്തി നാംകുളം ഇൻഡ്യൻ നഗർ 254 അശ്വതി ഭവനിൽ അനന്തു (21), കിളികൊല്ലൂർ വില്ലേജിൽ കാലായിൽ ചേരിയിൽ വേണാട് നഗർ 71 ആമിനാസ് വീട്ടിൽ തൻസീൽ (22) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് നാലേകാലോടെ അയത്തിൽ പവ്വർ ഹൗസ് ജംഗ്ഷനിൽ ഫ്രൂട്ട്സും ബേക്കറി സാധനങ്ങളും വിൽപ്പന നടത്തുന്ന രണ്ടാം നമ്പർ സ്വദേശി അബ്ദുൽ സലീമിന്റെ കടയിലെത്തിയ രണ്ടുപേർ സാധനങ്ങൾക്ക് വില ചോദിച്ചു നിന്ന ശേഷം, കടയുടമ മറ്റൊരാൾക്ക് സാധനം നൽകുന്നതിനിടെ മൊബൈൽ ഫോണുമെടുത്ത് ബൈക്കിൽ കടന്നു. സംഭവമറിഞ്ഞ സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദ്ദേശ പ്രകാരം അസി.കമ്മീഷണർ പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ സിറ്റി പരിധിയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം നൽകി. മൂന്നു മണിക്കൂറിനകം പ്രതികൾ ബൈക്കുമായി പിടിയിലായി. ചോദ്യം ചെയ്തപ്പോൾ ഇവരിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ വിറ്റുകിട്ടുന്ന പണം ആഡംബര കാറുകളിൽ കറങ്ങുന്നതിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇവർ നേരത്തേയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, ദീപു, ഷിബു പീറ്റർ, ജയ കുമാർ, സുനിൽകുമാർ, ദിനേശ് കുമാർ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ആന്റണി, മനാഫ്, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.