ചാത്തന്നൂർ: ഓട്ടോയിലും ബൈക്കിലുമായെത്തിയ ഏഴംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ നെല്ലിമൂട് തിങ്കൾ കരിക്കകം കുഴിവിള വീട്ടിൽ സൈനുദ്ദീന്റെ മകൻ ഷിബിനാണ് (30) പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ദേശീയ പാതയിൽ ഇത്തിക്കരയിലായിരുന്നു ആക്രമണം. കണ്ണൂരിൽ നിന്ന് ലോറിയിൽ ചെങ്കല്ലുമായി ചാത്തന്നൂരിലേക്ക് വരുകയായിരുന്നു ഷിബിൻ. ഇടപാടുകാരെ വിളിക്കുന്നതിനായി ഇത്തിക്കരയിൽ വാഹനം ഒതുക്കിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ആക്രമണത്തിന് പിന്നിൽ കുളത്തൂപ്പുഴ സ്വദേശികളാണെന്ന് സംശയിക്കുന്നതായി ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു. മാരകായുധങ്ങൾകൊണ്ടുള്ള ആക്രമണത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാമറ ദൃശ്യങ്ങളിൽ നിന്ന് അക്രമികൾ എത്തിയ വാഹനങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.