30 ലക്ഷം രൂപയുടെ നവീകരണം
കൊല്ലം: എഴുകോൺ കവലയിൽ നെടുമൺകാവ് റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമാകും. 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. എഴുകോൺ ജംഗ്ഷനിൽ നിന്ന് നെടുമൺകാവിലേക്കുള്ള റോഡിന്റെ മൂലക്കട വരെയുള്ള തുടക്കഭാഗമാണ് ഏറെനാളായി തകർന്നുകിടന്നത്. മുൻപ് കുണ്ടറ പദ്ധതിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കാൻ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചതാണ്. ഇവിടെ പൈപ്പ് പൊട്ടൽ പതിവായതിനാലാണ് പഴയ പൈപ്പുകൾ പൂർണമായും മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാൽ റോഡ് പഴയ നിലയിലെത്തിയ്ക്കാൻ അധികൃതർ താത്പര്യമെടുത്തില്ല. പുത്തൂർ പാങ്ങോട് നിന്നും ശിവഗിരി വരെയുള്ള റോഡിന്റെ ഭാഗമാണിവിടം. 22 കോടി രൂപ ചെലവിട്ടാണ് ശിവഗിരി റോഡ് പൂർത്തിയാക്കിയിരുന്നത്. അത് വീണ്ടും വെട്ടിപ്പൊളിച്ചത് എഴുകോണിന്റെ ഐശ്വര്യം കെടുത്തി.
വാഹനത്തിരക്കുള്ള റോഡ്
എഴുകോൺ ഗ്രാമപഞ്ചായത്ത് കോംപ്ളക്സും മറ്റ് നിരവധി സർക്കാർ ഓഫീസുകളും മത്സ്യ മാർക്കറ്റുമൊക്കെയുള്ള പ്രധാന ഭാഗത്താണ് റോഡ് തകർന്ന് കിടന്നത്. പൊലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ്, ഇ.എസ്.ഐ ആശുപത്രി, ബിവറേജസ് ഔട്ട്ലെറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നതും ഇതുവഴിയാണ്. എപ്പോഴും വാഹനത്തിരക്കുള്ള ഇവിടെ റോഡിന്റെ തകർച്ച വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. ഒരു വശത്ത് ഓട്ടോ സ്റ്റാൻഡുമാണ്. ദേശീയപാത അതോറിറ്റിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് റോഡ് കൈമാറുന്നതുമായി ബന്ധപ്പെട്ട് കാലതാമസം ഉണ്ടായിരുന്നു. ഇതിന് ശേഷം പൊതുമരാമത്ത് വകുപ്പ് എഴുകോൺ കവലയുടെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാട്ടിയതുമില്ല.
മന്ത്രി ഇടപെട്ടു, അടിയന്തര പരിഹാരമുണ്ടാകും
എഴുകോൺ കവലയിൽ നിന്ന് നെടുമൺകാവ് റോഡിൽ മൂലക്കട ഭാഗംവരെ അത്യാധുനിക രീതിയിൽ നവീകരിക്കാൻ 30 ലക്ഷം രൂപയാണ് അനുവദിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. 120 മീറ്റർ ദൂരമാണ് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ഇപ്പോൾ നവീകരിക്കുക. ഉന്നത നിലവാരത്തോടെ റോഡ് നവീകരിക്കുന്നതോടെ എഴുകോണിലെ ഗതാഗത കുരുക്കിനും വലിയതോതിൽ പരിഹാരം ഉണ്ടാകും.