എഴുകോൺ: പഞ്ചായത്ത് പ്രസിഡന്റ് ടെസ്റ്റ് പോസിറ്റിവിറ്റിയിലെ അപാകത ചൂണ്ടി കാട്ടിയതിനെ തുടർന്ന് എഴുകോൺ പഞ്ചായത്തിനെ സിയിൽ നിന്ന് മാറ്റി ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും എഴുകോൺ പഞ്ചായത്തിനെ സി കാറ്റഗറിയിൽ തന്നെ ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലാണ് ടി.പി. ആറിലെ അപാകത പുറത്തുകൊണ്ടുവന്നത്. 22 മുതൽ 27 വരെ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും കണക്കിൽ എഴുകോൺ പഞ്ചായത്തിൽ ആകെ പരിശോധന 558 ഉം രോഗികളുടെ എണ്ണം 57 മാണ് ഉണ്ടായിരുന്നത്. എന്നാൽ പഞ്ചായത്തിന്റെ റോ ലിസ്റ്റിലെ കണക്ക് പ്രകാരം ഇത് 528 ഉം 52 രോഗികളും ആണ് . 5 രോഗികൾ സമീപ പഞ്ചായത്തുകളിൽ ഉള്ളവരാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ലിസ്റ്റ് പ്രകാരം ശരാശരി ടി.പി. ആർ 10.21 ശതമാനം ആയതിനാൽ എഴുകോൺ പഞ്ചായത്ത് സി കാറ്റഗറിയിൽ ആയിരുന്നു. തുടർന്ന് രതീഷ് കിളിത്തട്ടിൽ ഡി.എം.ഒ, ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് ടി.പി. ആറിലെ തെറ്ര് കാണിച്ച് പരാതി നൽകി. തുടർന്ന് ഡി.എം.ഒ നടത്തിയ പരിശോധനയിൽ തെറ്റ് ബോദ്ധ്യമാവുകയും എഴുകോണിനെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്ടർ ഉത്തരവ് ഇടുകയും ചെയ്തു.