കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പൊലീസിന്റെ ഓപ്പറേഷൻ ടാർജറ്റ് - 5ന് തുടക്കമായി. ഇന്നലെ മുതൽ അടുത്തമാസം അഞ്ച് വരെയാണ് ഓപ്പറേഷന്റെ കാലാവധി. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതത് സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ് പദ്ധതിയുടെ ചുമതല. ബോധവത്കരണങ്ങളിലൂടെ കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കും. കഴിഞ്ഞ കാലങ്ങളിൽ കൊവിഡ് പ്രതിരോധത്തിൽ വിജയിച്ച മാതൃകകൾ ഉപയോഗപ്പെടുത്തും.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 4214 പേർക്കെതിരെയാണ് കഴിഞ്ഞദിവസം നടപടിയെടുത്തത്. ക്വാറന്റൈൻ ലംഘനത്തിന് 17 പേർക്കെതിരെ നടപടിയെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച 276 വാഹനങ്ങൾ പിടിച്ചെടുത്തു. 98 സ്ഥാപനങ്ങൾഅടച്ച് പൂട്ടി. നിയന്ത്രണം ലംഘിച്ച 391 പേരെ അറസ്റ്റ് ചെയ്തു. ശരിയായി മാസ്ക്ക് ധരിക്കാതിരുന്ന 1886 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാതിരുന്ന 1937 പേർക്കെതിരെയും നടപടി സ്വീകരിച്ചതായും മതിയായ ജാഗ്രത പുലർത്താതിരുന്ന 14510 പേരെ താക്കീത് ചെയ്തതായും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.