കൊല്ലം: നഗ്നദൃശ്യങ്ങൾ പകർത്തി പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ക്ലാപ്പന വില്ലേജിൽ ആലംപീടിക കാമളത്ത് വീട്ടിൽ മുരുകൻ (24) ഓച്ചിറ പൊലീസിന്റെ പിടിയിലായി. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരവധി ദിവസങ്ങളിൽ പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ബി.ജെ.പി വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്ന് പ്രവർത്തിച്ചുവെന്ന വിരോധത്താൽ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് സ്വദേശിയായ അഭിജിത്തിനെ വീടിന് മുന്നിൽ വച്ച് കമ്പിവടി കൊണ്ട് വലത് കാൽമുട്ട് അടിച്ചുതകർത്ത ആരോമൽ (25), വിശാഖ് (23) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തി അയത്തിൽ പവർഹൗസ് ജംഗ്ഷനിലുളള ബേക്കറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കിളികൊല്ലൂർ മാടൻകാവ് അശ്വതി ഭവനത്തിൽ അനന്തു (21), മൂന്നാംകുറ്റി ഭാരതീയ നഗർ ആമിനാ നിവാസിൽ തൻസീൽ (22) എന്നിവരെ ഇരവിപുരം പൊലീസ് പിടികൂടി.
ചിന്നക്കട സ്പോർട്സ് ലാൻഡ് എന്ന സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി. പാലക്കാട് ജില്ലയിൽ ഒലവക്കോട് ടൗൺ പുറമ്പോക്കിൽ താമസിക്കുന്ന ആനന്ദബാബുവാണ് (32) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സ്പോർട്സ് ഉപകരണങ്ങൾ വിൽപ്പന നടത്താൻ ശ്രമിച്ചപ്പോഴാണ് പ്രതി പിടിയിലായത്. സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുളളതായി അന്വേഷണത്തിൽ കണ്ടെത്തി.