ചാത്തന്നൂർ : പാട്ടക്കരാർ ലംഘനമുണ്ടായെന്ന ആരോപണത്തെ തുടർന്ന് കല്ലുവാതുക്കൽ പാറക്കുളം ടൂറിസം പദ്ധതിക്കായി കല്ലുവാതുക്കൽ പഞ്ചായത്തിന് റവന്യൂ വകുപ്പ് വിട്ടു നൽകിയ ഭൂമി തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ജില്ലാകളക്ടർ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പാട്ടക്കരാർ ലംഘനമുണ്ടായതായി വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയാൽ 15 ദിവസത്തെ നോട്ടീസ് നൽകി ഭൂമി തിരികെ എടുക്കാമെന്നാണ് ചട്ടം.
2008ലാണ് ടൂറിസം പദ്ധതിക്കായി ആയിരം രൂപ വീതം വാർഷിക കരം അടച്ച് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഭൂമി ഏറ്റെടുത്തത്. കല്ലുവാതുക്കൽ വില്ലേജിൽപ്പെട്ട സർവേനമ്പർ 99ലെ 3.46 ഹെക്ടർ സ്ഥലമാണ് പദ്ധതിപ്രദേശം.
ഒരു വർഷത്തിനുള്ളിൽ പദ്ധതി തുടങ്ങാനായില്ലെന്നും ഇത് കരാർ ലംഘനമാണെന്നും കാട്ടി ചിലർ ജില്ലാകളക്ടർക്ക് പരാതി നൽകിയിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ എ. ശ്രീധരൻ മാസ്റ്റർ പ്രസിഡന്റായി ഇടതുപക്ഷം ഭരിക്കുമ്പോഴായിരുന്നു പദ്ധതി വിഭാവനം ചെയ്തതും ഭൂമി ഏറ്റെടുത്തതും. എന്നാൽ അന്നത്തെ ഭരണസമിതിക്കോ തുടർന്നു വന്ന രണ്ട് ഇടതു ഭരണസമിതികൾക്കോ പദ്ധതിസംബന്ധിച്ച് ഒന്നും ചെയ്യാനായിരുന്നില്ല. കൃത്യമായി കരം അടയ്ക്കുന്നുമുണ്ടായിരുന്നു. ഭൂമി ഏറ്റെടുത്ത ശേഷമുള്ള മൂന്നാമത്തെ ഭരണസമിതിയാണ് ഇപ്പോഴുള്ളത്.
ഇപ്പോഴത്തെ ഭരണസമിതിയാണ് പാറക്കുളം ടൂറിസം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഗൗരവമായി നടപടിയെടുത്തത്. അതോടെയാണ് ചിലർ സാങ്കേതികപ്രശ്നം ഉയർത്തി പദ്ധതിക്കെതിരെ രംഗത്തെത്തിയത്.
അതേസമയം 2011 മെയ് 2 ന് പുറത്തിറങ്ങിയ 174/2011/റവന്യൂ ഉത്തരവ് പ്രകാരം ഭൂമി പാട്ടത്തിനു നൽകുന്നതിനുള്ള പൂർണമായ അധികാരം സംസ്ഥാന സർക്കാരിനായതിനാൽ സർക്കാർ തലത്തിൽ അനുകൂല തീരുമാനമുണ്ടായാൽ പദ്ധതിക്കു തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്.