c

കൊല്ലം: ആണ്ടാമുക്കം ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തിയാക്കാൻ കരാറുകാരൻ അധികമായി ആവശ്യപ്പെട്ട 5.5 കോടിരൂപ രഹസ്യമായി നൽകാൻ നഗരസഭാ അധികൃതരുടെ നീക്കം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തുനിന്നുതന്നെ എതിർപ്പ് ഉയർന്നതോടെ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പരിശോധിച്ചശേഷം തീരുമാനമെടുക്കാമെന്നുപറഞ്ഞ് അജണ്ട മാറ്റിവച്ചിരുന്നു. എന്നാൽ കൗൺസിൽ യോഗത്തിലെ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വ്യത്യസ്തമായി അജണ്ട പാസാക്കിയെന്നാണ് നഗരസഭാ അധികൃതർ ഇപ്പോൾ പറയുന്നത്. ശേഷിക്കുന്ന പ്രവൃത്തികൾ ടെണ്ടർ ചെയ്യാതെ നിലവിലെ കരാറുകാരനുതന്നെ നിയമവിരുദ്ധമായി നൽകാനാണ് അണിയറയിൽ നീക്കം നടക്കുന്നത്.

2015ൽ കൊല്ലം ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആണ്ടാമുക്കത്ത് ഷോപ്പിംഗ് കോപ്ലക്സ് കം ഫുഡ് കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. 10.41 കോടി രൂപയായിരുന്നു എസ്റ്റിമേറ്റെങ്കിലും സ്വകാര്യ നിർമ്മാണ കമ്പനി 9.76 ശതമാനം കുറച്ചാണ് കരാറെടുത്തത്. എന്നാൽ ഇതുവരെ കെട്ടിടത്തിന്റെ ഘടന മാത്രമാണ് പൂർത്തിയാക്കാനായത്. ഇതിനകം 7.12 കോടിരൂപ കരാർ പ്രകാരവും 78.90 ലക്ഷം എസ്റ്റിമേറ്റിനെക്കാൾ അധികരിച്ചും കൈപ്പറ്റി. കരാർ തുകയേക്കാൾ 5.5 കോടി രൂപകൂടി നൽകിയാൽ മാത്രമേ നിർമ്മാണം പൂർത്തിയാക്കാനാകൂ എന്നാണ് കരാറുകാരന്റെ വാദം. എസ്റ്റിമേറ്റിനെക്കാൾ 90 ടൺ സ്റ്റീൽ കമ്പി അധികം ഉപയോഗിച്ചു, കെട്ടിടം പൂർത്തിയാക്കാൻ എസ്റ്റിമേറ്റിലില്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടി വരുന്നു തുടങ്ങിയ അവകാശവാദങ്ങൾ നിരത്തിയാണ് കരാറുകാരൻ വൻതുക കൂടുതലായി ആവശ്യപ്പെടുന്നത്.

പദ്ധതിയുടെ എസ്റ്റിമേറ്റ് ഉയർത്തിയെങ്കിലും

ഭരണാനുമതി ലഭിച്ചിട്ടില്ല

പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ ഉൾപ്പടെ പദ്ധതിയുടെ എസ്റ്റിമേറ്റ് നഗരസഭ ഇടയ്ക്ക് 12.41 കോടിയായി പുതുക്കിയെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. അധികമായി കമ്പി അടക്കമുള്ള സാമഗ്രികൾ ഉപയോഗിച്ചിട്ടുണ്ടെന്ന കരാറുകാരന്റെ വാദം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുമില്ല. ഇതിനുപുറമേ പ്ലംബിംഗ്, ടൈലിംഗ് പണികൾക്കെന്ന പേരിൽ 3. 08 കോടി രൂപകൂടി അധികം നൽകാനാണ് ശ്രമം. വൻതുകയുടെ നിർമ്മാണ പ്രവൃത്തികൾ അധികമായി ചെയ്യുമ്പോൾ സാധാരണഗതിയിൽ ടെണ്ടർ ക്ഷണിക്കണം. അതിന് വിരുദ്ധമായാണ് നിലവിലെ കരാറുകാരനെ തന്നെ അധികപ്രവൃത്തികളും ഏൽപ്പിക്കുന്നത്.

പദ്ധതിയുടെ ഭരണാനുമതി: 10 കോടി

എസ്റ്റിമേറ്റ്: 10.41 കോടി

കരാറായത്: എസ്റ്റിമേറ്റിനെക്കാൾ 9.46 ശതമാനം കുറച്ച്

കരാറുകാരന് ഇതുവരെ നൽകിയത്: 7.91 കോടി

പൂർത്തിയായത്: കെട്ടിടത്തിന്റെ ഘടന മാത്രം

പുതുക്കിയ എസ്റ്റിമേറ്റ്: 12.41 കോടി

ഇപ്പോൾ പറയുന്ന പദ്ധതിയുടെ ആകെ തുക: 15.5 കോടി

അധികമായി നഗരസഭ നൽകാൻ ഒരുങ്ങന്നത്: 5.5 കോടി

കൗൺസിൽ യോഗം അജണ്ട മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടില്ല. പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാരിൽ നിന്ന് ഭരണാനുമതി വാങ്ങാനും ശേഷിക്കുന്ന പ്രവൃത്തികൾക്ക് അനുമതി നൽകാനുമാണ് തീരുമാനിച്ചത്.

പി.കെ. സജീവ് (നഗരസഭാ സെക്രട്ടറി)

അധികച്ചെലവിനെപ്പറ്റി വിദഗ്ദ്ധ എൻജിനിയറിംഗ് സംഘത്തെ കൊണ്ട് പരിശോധിപ്പിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞത്. അജണ്ട മാറ്റിവയ്ക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അജണ്ട പാസാക്കിയെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.

കുരുവിള ജോസഫ് (കൗൺസിലർ)