കുണ്ടും കുഴിയുമായി കുണ്ടറ പള്ളിമുക്ക് - മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ്
കൊല്ലം: നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാർ മുങ്ങിയതോടെ കാൽനടയാത്ര പോലും അസാദ്ധ്യമായി തുരുത്ത് നിവാസികൾ. വർഷങ്ങളായി തകർന്നുകിടക്കുന്ന കുണ്ടറ പള്ളിമുക്ക് - മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡാണ് തുരുത്ത് നിവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നത്. 2018 ൽ 24കോടി രൂപ ചെലവിൽ കരാർ നൽകി നിർമ്മാണം ആരംഭിച്ച റോഡിനാണ് ഈ ഗതികേട്. 22 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പേഴുംതുരുത്ത് മുതൽ തൂമ്പും മുഖം വരെയുള്ള ഭാഗത്തെ നവീകരണം ഭാഗികമായി ചെയ്തിട്ടുണ്ട്.
കാനറാ ബാങ്ക് മുതൽ റെയിൽവേ സ്റ്റേഷൻ - കൊച്ചുപ്ലാമൂട് വരെയുള്ള റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. നവീകരണത്തിയായി റോഡ് ഇളക്കിയിട്ടതല്ലാതെ മറ്റുജോലികളൊന്നും ചെയ്യാത്തതിനാൽ ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. കരാർനൽകി ജോലി പൂർത്തിയാകാതെ കിടക്കുന്നതിനാൽ അറ്റകുറ്റപ്പണി പോലും നടക്കാത്ത അവസ്ഥ. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ജൂലായിലാണ് അന്നത്തെ പൊതു മരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരൻ നിർമ്മാണജോലികൾ ഉദ്ഘാടനം ചെയ്തത്.
വീണ്ടും പ്രക്ഷോഭം
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചെങ്കിലും ഉടൻ നടപടി കൈക്കൊള്ളാമെന്ന് പറഞ്ഞതല്ലാതെ ഒന്നുംനടന്നില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം വീണ്ടും പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തിയിരുന്നു. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് തുടക്കത്തിൽ ജോലികളെ ബാധിച്ചിരുന്നു. പിന്നീട് കരാറുകാർ തമ്മിലുണ്ടായ തർക്കം ജോലി ഉപേക്ഷിക്കാനും കാരണമായി.
2018 ൽ 25 കോടി രൂപ ചെലവിൽ കരാർ നൽകി നിർമ്മാണം ആരംഭിച്ച റോഡാണിത്
റോഡ് തകർച്ച തുരുത്തു നിവാസികളുടെ ജീവിതം ദുരിതപൂർണമാക്കുകയാണ്. ജോലികൾ റീ ടെൻഡർ ചെയ്ത് എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം.
അഡ്വ. കെ. ശിവപ്രസാദ് ( ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് )
കെ. മധു ( വൈസ് പ്രസിഡന്റ്)