shop
shop

കരുനാഗപ്പള്ളി : ടി.പി.ആറിന്റെ നിരക്കനുസരിച്ച് മാറിമറിയുകയാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ. ഈ സാഹചര്യത്തിൽ കഷ്ടത്തിലാകുന്നത് ചെറുകിട വ്യാപാരികളാണ്. പലരുടെയും കുടുംബങ്ങൾ മുഴുപ്പട്ടിണിയിലും കടക്കെണിയിലുമാണ്. കരുനാഗപ്പള്ളി താലൂക്കിൽ തന്നെ ആയിരക്കണക്കിന് ചെറുകിട വ്യാപാരികളാണ് ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്. ഓണക്കാലത്തെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ രോഗ വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നതാണ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ സർക്കാർ മടിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ചെറുകിട വ്യാപാരം പൂർണമായും പ്രതിസന്ധിയിലാണ്.

ബാങ്ക് വായ്പ്പയും വട്ടിപ്പലിശയും

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും വട്ടിപ്പലിശക്കാരിൽ നിന്ന് കടമെടുത്തും ആണ് കച്ചവടത്തിനുള്ള സാധനങ്ങൾ വാങ്ങിയത്. കടകൾ പതിവായി മുടങ്ങിയതോടെ വായ്പ എടുത്ത പണവും വട്ടിപ്പലിശക്ക് വാങ്ങിയ പണവും തിരിച്ചടക്കാൻ കഴിയാതെ വലയുകയാണ് . വട്ടിപ്പലിശക്കാരുടെ ഏജന്റുമാരെയാണ് മിക്ക ദിവസങ്ങളിലും കണി കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു. ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും മൊറട്ടോറിയത്തിന്റെ കാലാവധി കഴിയുമ്പോൾ മുതലും പലിശയും ഒന്നിച്ച് കച്ചവടക്കാർ അടയ്ക്കേണ്ടി വരും. മൊറിട്ടോറിയം കാലയളവിലെ പലിശയും പിഴപ്പലിശയും ബാങ്കുകൾ ഒഴിവാക്കിയിരുന്നെങ്കിൽ ഇതുകൊണ്ട് കച്ചവടക്കാർക്ക് പ്രയോജനം ഉണ്ടാകുമായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണം
കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള സമയം നീട്ടി നൽകുന്നതോടൊപ്പം സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയും ശക്തമാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാപാരികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം കടകൾ തുറന്ന് പ്രവർത്തിച്ചാൽ കടകൾ തുറക്കുന്ന ദിവസം നിയന്ത്രിക്കാൻ കഴിയാത്തത്ര തിരക്കായിരിക്കും. ഇത് കൊവിഡിന്റെ കൂട്ട വ്യാപനത്തിന് കാരണമാകുന്നു. ഓണാക്കാലത്തെങ്കിലും എല്ലാ കടകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനുള്ള അനുവാദം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നു.

സർക്കാർ മാസത്തിൽ ഒരിക്കൽ നൽകുന്ന സൗജന്യ റേഷൻ കിറ്റ്കൊണ്ട് മാത്രം ഒരു കുടുംബം പുലർത്താൻ കഴിയുമോ ? കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദം സർക്കാർ നൽകണം.

കൊച്ചു തോണ്ടലിൽ രാജു

ചെറുകിട വ്യാപാരി