al
തകർന്ന് വിഴാറായി പവിത്രേശ്വരം വിലേജ് ഓഫീസ്

പുത്തൂർ: മഴയിൽ ചോർന്നൊലിക്കുന്ന , ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന ഒരു വില്ലേജോഫീസ് പുത്തൂരിലുണ്ട്. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പവിത്രേശ്വരം വില്ലേജോഫീസാണിത്. സംസ്ഥാനത്തെ വില്ലേജോഫീസുകളെല്ലാം സ്മാർട്ടായതറിഞ്ഞിട്ടും ഇപ്പോഴും പഴകി ദ്രവിച്ച പഴയ കെട്ടിടത്തിലാണ് ഈ വില്ലേജോഫീസ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിൽ ജീവൻ പണയം വച്ചാണ് ജീവനക്കാർ പണിയെടുക്കുന്നത്. മിക്ക നിയോജക മണ്ഡലങ്ങളിലെയും എല്ലാ വില്ലേജോഫീസുകളും സ്മാർട് ആയിട്ടും ഇവിടെ മാത്രം ഇങ്ങനെയാകുന്നതാണ് നാട്ടുകായെയും അത്ഭുതപ്പെടുത്തുന്നത്. കുന്നത്തൂർപാലം മുതൽ മാറനാട് വരെയുള്ള പ്രദേശങ്ങളുൾപ്പെടുന്നതാണ് പവിത്രേശ്വരം വില്ലേജ്.

അസൗകര്യങ്ങളുടെ നടുവിൽ

ഓരോ ആവശ്യത്തിന് വില്ലേജോഫീസിലെത്തുന്നവർക്ക് ഒന്ന് ഇരിക്കാനുള്ള സൗകര്യംപോലും ഇവിടില്ല. മേഷക്കൂര തകർന്ന് ഓട് പലയിടങ്ങളിലും ഇളകി വീണു. മച്ചിന്റെ പലകകൾ ഇളകി മാറി ഇരിക്കുകയാണ്. എല്ലാ മുറികളും മഴയത്ത് ചോർന്നൊലിക്കും. ഫയലുകളും മറ്റും പ്ളാസ്റ്റീക് ഷീറ്റിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്.

പദ്ധതിയിൽ ഇടം നേടി പക്ഷെ

പവിത്രേശ്വരം വില്ലേജോഫീസും സ്മാർട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഇടം പിടിച്ചതാണ്. എന്നാൽ തുടർനടപടികൾ കൈക്കൊള്ളുന്നതിലെ വീഴ്ചയാണ് പവിത്രേശ്വരം വില്ലേജോഫീസിന് വകയിരുത്തിയ അരക്കോടിയോളം രൂപ നഷ്ടപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ചില സാങ്കേതികപ്രശ്നങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

മാസങ്ങളായിട്ട്

വില്ലേജ് ഓഫീസർ ഇല്ല

പവിത്രേശ്വരം വില്ലേജ്ഓഫീന് മൂന്നുമാസമായി വില്ലേജ് ഓഫീസർ ഇല്ല. പുത്തൂർ വില്ലേജ് ഓഫീസർക്കാണ് അധിക ചുമതല. വലിയ ഭൂപ്രദേശമുള്ളതിനാൽ ജോലിഭാരവും വളരെക്കൂടുതലാണ്.വില്ലേജ് ഓഫീസർ ഇല്ലാത്തതിനെ തുടർന്ന് യുവജനസംഘടനകൾ സമരം നടത്തിയെങ്കിലും ഇതുവരെ അധികൃതർ നടപടിയെടുത്തിട്ടില്ല.