കരുനാഗപ്പള്ളി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവെച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എം.പി.മാർ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ നേരിൽക്കണ്ട് നിവേദനം നൽകി. വിസ കാലാവധി അവസാനിച്ചതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടെന്നും വിമാന സർവ്വീസുകൾ ആരംഭിച്ചില്ലെങ്കിൽ തൊഴിലവസരങ്ങളെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും. രണ്ടു ഡോസ് കൊവിഡ് വാക്സിനെടുത്ത എല്ലാ പ്രവാസികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. സൗദി അറേബ്യയിലെ വെബ് പോർട്ടലിൽ ഇന്ത്യയിലെ വാക്സിൻ സർട്ടിഫിക്കറ്റ് നിരാകരിക്കുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി എത്രയും വേഗം പരിഹാരം കാണണമെന്നും എം.പി മാരായ എളമരം കരിം, എ.എം. ആരിഫ്, വി. ശിവദാസൻ, തോമസ് ചാഴിക്കാടൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.