കരുനാഗപ്പള്ളി: കശുഅണ്ടി തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫാക്ടറികൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു. ആദിനാട് ക്ലാസിക്ക് ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച സമരം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കശുഅണ്ടി തൊഴിലാളി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.സുഗതൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് കെ.പി.വിശ്വവത്സലൻ, ശശി, ഗോപൻ എന്നിവർ പ്രസംഗിച്ചു. തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പാക്കുക, ആരോഗ്യ പ്രവർത്തകർ ഫാക്ടറികളിൽ എത്തി തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ കുത്തിവെയ്ക്കുക, ഫാക്ടറി ഉടമകൾ തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ് വിഹിതം അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.