കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് ഭാരവാഹികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകി. ട്രെയിനുകൾ സർവീസ് അരംഭിക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനുമുള്ള സജ്ജീകരണങ്ങളടങ്ങിയതാണ് പിറ്റ് ലൈൻ. ബ്രോഡ് ഗേജിങ്ങിന്റെ ഭാഗമായി കൊല്ലത്തുണ്ടായിരുന്ന പിറ്റ് ലൈൻ സംവിധാനം ഇല്ലാതായി. പിറ്റ് ലൈൻ സ്ഥാപിച്ചാൽ നിരവധി എക്സ് പ്രസ് ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കാൻ കഴിയും. ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ഇപ്പോൾ കൊല്ലം സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ഒരു പിറ്റ് ലൈൻ സംവിധാനം കൂടി ഏർപ്പെടുത്തിയാൽ നിരവധി ട്രെയിനുകൾ കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കാം. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് റെയിൽവേ അധികൃതരെയും ജനപ്രതിനിധികളെയും കാണുമെന്ന് സംഘ് നേതാക്കളായ രാജേഷ് കൊല്ലം, ആന്റണി, മുഹമ്മദ് തയ്യൂബ്, സാജൻ കുളങ്ങര എന്നിവർ അറിയിച്ചു.